03/06/2026
[fontresizer_tawhidurrahmandear_widget]

2026 ലോകകപ്പ് സമയത്ത് റഷ്യ ബദൽ ലോകകപ്പ് നടത്തും?

 2026 ലോകകപ്പ്  സമയത്ത് റഷ്യ ബദൽ ലോകകപ്പ് നടത്തും?

മോസ്കോ: 2026-ൽ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ഔദ്യോഗിക ഫിഫ ലോകകപ്പിന് സമാന്തരമായി, അതേ സമയത്ത് മറ്റൊരു അന്താരാഷ്ട്ര ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ റഷ്യൻ ഫുട്‌ബോൾ യൂണിയൻ (RFU) ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പിന് യോഗ്യത ലഭിക്കാത്ത എട്ട് മുതൽ പന്ത്രണ്ട് വരെ ദേശീയ ടീമുകളെ പങ്കെടുപ്പിച്ചാണ് ടൂർണമെന്റ് നടത്താൻ റഷ്യ ആലോചിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രെയ്ൻ യുദ്ധം കാരണം ഫിഫയുടെ വിലക്ക് നേരിടുന്ന റഷ്യ ആതിഥേയ രാജ്യമെന്ന നിലയിൽ ടൂർണമെന്റിൽ കളിക്കും. 2018-ലെ ഫിഫ ലോകകപ്പിന് റഷ്യ ആതിഥേയത്വം വഹിച്ച സ്റ്റേഡിയങ്ങൾ ഈ ടൂർണമെന്റിനായി ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ റഷ്യൻ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല.

ഫിഫ ലോകകപ്പ് കളിക്കാനിടയില്ലാത്ത നൈജീരിയ, ഹംഗറി, സെർബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, കാമറൂൺ, ചൈന തുടങ്ങിയ രാജ്യങ്ങളെ ടൂർണമെന്റിലേക്ക് ക്ഷണിച്ചേക്കും. യൂറോപ്യൻ വമ്പന്മാരായ ഇറ്റലി യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ അവരെയും ക്ഷണിച്ചേക്കാമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

365Scores എന്ന സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് വിവിധ രാജ്യങ്ങളിലുള്ള സ്‌പോർട്‌സ് മാധ്യമങ്ങൾ ഈ റിപ്പോർട്ട് ഏറ്റെടുത്തു.

യുക്രെയ്നിലെ അധിനിവേശത്തെ തുടർന്ന് റഷ്യൻ ദേശീയ ടീമിന് നിലവിൽ ഫിഫ (FIFA), യുവേഫ (UEFA) മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കുണ്ട്. അതേസമയം, ഗസ്സയിൽ വംശഹത്യ നടത്തിയ ഇസ്രായിലിനെ ഫിഫയോ യുവേഫയോ വിലക്കാതിരുന്നത് വലിയതോതിൽ വിമർശനത്തിന് വിധേയമായിരുന്നു.

2026 ഫിഫ ലോകകപ്പ് 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് നടക്കുക. ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണിത്. യൂറോപ്യൻ പ്ലേ-ഓഫ് മത്സരങ്ങൾ 2026 മാർച്ചിലാണ് നടക്കുക.

Also read: