27/01/2026

ഇമാറാത്തില്‍ ചരിത്രസംഗമം; സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന് ദുബൈയില്‍ പ്രൗഢോജ്ജ്വല തുടക്കം

 ഇമാറാത്തില്‍ ചരിത്രസംഗമം; സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന് ദുബൈയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്‌മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി.

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ സമ്മാനിച്ചതെന്ന് തങ്ങള്‍ പറഞ്ഞു. സമസ്തയുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുകയും പ്രചാരകരാകുകയും വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. സമസ്തയുടെ 100 വര്‍ഷങ്ങള്‍ ‘നൂറ് പ്രകാശവര്‍ഷങ്ങള്‍ പോലെ’യാണെന്ന് തങ്ങള്‍ പറഞ്ഞു. ഈ പ്രസ്ഥാനം കേരളത്തിന് സമാധാനം, സത്യം, സമത്വം, സഹജീവി സ്‌നേഹം, മതേതര മൂല്യങ്ങള്‍ എന്നിവ പകരുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങി അനേകം മഹാന്മാരുടെയും പണ്ഡിതരുടെയും നേതൃത്വമാണ് സമസ്തയുടെ മഹത്വമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ പ്രമേയപ്രഭാഷണവും സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ അല്‍ ഐന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ മുഖ്യാതിഥിയായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സംസാരിച്ചു.

സുകേഷ് ഗോവിന്ദന്‍, ശ്രീകുമാര്‍ നിരപ്പേല്‍, സുല്‍ത്താന്‍ അലി സുല്‍ത്താന്‍ ഷംലാന്‍ അല്‍ സആബി, നവാസ് നാസര്‍, റമീസ് ത്വല്‍ഹത്, മുനീര്‍ റിനം എന്നിവര്‍ക്ക് ഗള്‍ഫ് സുപ്രഭാതം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഹോട്ട്പാക്ക്, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, സുലൈമാന്‍ ഹാജി യുനീക് വേള്‍ഡ്, എന്‍.ടി.എസ് ജമാല്‍, ഇസ്ഹാഖ് ഹാജി തോടാര്‍, ഇബ്രാഹീം ഹാജി കുണിയ, ഹസൈനാര്‍ ഹാജി റാസല്‍ഖൈമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Also read: