31/03/2026
[fontresizer_tawhidurrahmandear_widget]

സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു

 സമസ്ത കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ അന്തരിച്ചു

കണ്ണൂർ: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂർ ജില്ലാ ട്രഷററുമായിരുന്ന കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ (77) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 11.45ന് ചെക്കിക്കുളം പാലത്തുങ്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
സംസ്ഥാനത്തെയും കണ്ണൂർ ജില്ലയിലെയും മത-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും അമരത്ത് പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ താലൂക്ക് സമസ്ത പ്രസിഡന്റ്, പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡന്റ്, കണ്ണൂർ ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ സംയുക്ത മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പാലത്തുങ്കര മഹല്ല് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
ദീർഘകാലം ദർസ് രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പലായും സേവനം ചെയ്തിട്ടുണ്ട്. വിളക്കോട്ടൂർ, പുതുശ്ശേരി, മാവിലേരി, പുളിങ്ങോം ജുമുഅത്ത് പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ദീർഘകാലം ദർസ് നടത്തി.
അൽഹാജ് റമളാൻ ശൈഖിന്റെയും പാലത്തുങ്കര ശാഹുൽ ഹമീദ് വലിയുല്ലാഹിയുടെ മകൾ ആയിഷയുടെയും മകനായാണ് ജനനം. സ്കൂൾ ഒമ്പതാം ക്ലാസിനുശേഷം എടക്കാട്, ചാക്യാർകുന്ന്, കൊയ്യോട് ജുമുഅത്ത് പള്ളികളിൽ ദർസ് പഠനം പൂർത്തിയാക്കി. ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിയിലേക്ക് പോയി. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുക്കന്മാർ.
ഭാര്യ: ഫാത്തിമ. മക്കൾ: കെ.വി. മുഹമ്മദ്, കെ.വി. അബ്ദുൽ റഹീം (സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ), ആയിഷ. മരുമക്കൾ: ആയിഷ, മുഹ്സിന, ഷമീർ ഹസനി.
ഖബറടക്കം ഇന്ന് രാവിലെ 11.30ന് പാലത്തുങ്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Also read: