26/01/2026

അഭ്യൂഹങ്ങൾക്ക് വിരാമം; സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിൽ, ജഡേജ രാജസ്ഥാൻ റോയൽസിലേക്ക്

 അഭ്യൂഹങ്ങൾക്ക് വിരാമം; സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിൽ, ജഡേജ രാജസ്ഥാൻ റോയൽസിലേക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിലൊന്ന് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഏറെനാളായി ക്രിക്കറ്റ് ലോകത്ത് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്(സിഎസ്‌കെ) ചേക്കേറി. ഇതിന് പകരമായി ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനു കൈമാറുകയും ചെയ്തു.

സിഎസ്‌കെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഐപിഎല്‍ അധികൃതരും ട്രേഡിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. ഐപിഎല്‍ റിട്ടന്‍ഷനു മുന്നോടിയായി നടന്ന ഈ ട്രേഡ്, സമീപകാല ഐപിഎല്‍ ചരിത്രത്തിലെ ശ്രദ്ധേയമായ നീക്കങ്ങളിലൊന്നായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണെ കരുത്തരായ രണ്ടു താരങ്ങളെ നല്‍കിയാണ് ചെന്നൈ സ്വന്തമാക്കുന്നത്. മുന്‍ നായകന്‍ എം.എസ് ധോണിയുടെ പിന്‍ഗാമിയായി ടീമിനെ നയിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററെന്ന നിലയില്‍ സിഎസ്‌കെ ഏറെക്കാലമായി സഞ്ജുവിനെ നോട്ടമിട്ടിരുന്നു.

ഒരു ദശാബ്ദത്തിലേറെയായി ചെന്നൈയുടെ അഭിവാജ്യ ഘടകമായിരുന്ന രവീന്ദ്ര ജഡേജ, തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്ന ജഡേജയുടെ മടങ്ങിവരവ് രാജസ്ഥാന്‍ റോയല്‍സിനും ആവേശം നല്‍കുന്നതാണ്. ഒപ്പം, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ സ്വന്തമാക്കാനായ സന്തോഷവും രാജസ്ഥാന്‍ ക്യാംപിലുണ്ടാകും.

Also read: