28/03/2026
[fontresizer_tawhidurrahmandear_widget]

കോടതിമുറിയില്‍ കൊമ്പുകോര്‍ത്ത് ഷാരൂഖ് ഖാനും സമീര്‍ വാങ്കഡെയും; നിയമയുദ്ധം മുറുകുന്നു

 കോടതിമുറിയില്‍ കൊമ്പുകോര്‍ത്ത് ഷാരൂഖ് ഖാനും സമീര്‍ വാങ്കഡെയും; നിയമയുദ്ധം മുറുകുന്നു

മുംബൈ: ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്റർടൈൻമെൻ്റ് നിർമ്മിച്ചതും മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്തതുമായ ‘ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിനെതിരെ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസ് പുതിയ തലത്തിലേക്ക്. സീരീസിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ സമർപ്പിച്ച ഹരജി റെഡ് ചില്ലീസിന്റെ അഭിഭാഷകൻ കോടതിയിൽ ശക്തമായി എതിർത്തതോടെ, ഷാരൂഖ് ഖാൻ്റെ പ്രൊഡക്ഷൻ ഹൗസും വാങ്കഡെയും തമ്മിലുള്ള നിയമയുദ്ധം മുറുകുകയാണ്. കേസിൽ വാങ്കഡെയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്.

ആവേശക്കമ്മിറ്റിക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെബ് സീരീസ് നിർമ്മിച്ചതെന്ന് റെഡ് ചില്ലീസിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് കോർഡെലിയ ക്രൂയിസ് കേസുമായി ബന്ധപ്പെട്ടതല്ല. ആ സംഭവത്തെ പരാമർശിക്കുന്നു പോലുമില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

വാദത്തിനിടെ, റെഡ് ചില്ലീസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവിനോട് ശക്തമായ വാദങ്ങൾ നിരത്തി: “ആക്ഷേപഹാസ്യത്തിനും ഫിക്ഷനും ഒരുമിച്ച് നിലനിൽക്കാൻ കഴിയില്ലേ? അതിന് നിയമപരമായി തടസ്സമില്ല. യഥാർത്ഥ വ്യക്തികളിൽ നിന്നും കഥകളിൽ നിന്നും ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടതാകാം, എങ്കിലും അതിൽ നിരാകരണക്കുറിപ്പുകൾ (disclaimers) ഉണ്ടാകാം. ഇവ രണ്ടും ഒരുമിച്ച് നിലനിൽക്കുന്നതിൽ എന്താണ് പ്രശ്നം? ഇവിടെ എന്തെങ്കിലും ദുരുദ്ദേശ്യമോ വിദ്വേഷമോ ഉണ്ടോ? ഈ സീരീസ് ഒരു ബോളിവുഡ് പാർട്ടിയിലെ ഒരു വിജയഗാഥയെക്കുറിച്ചാണ്,” കൗൾ വ്യക്തമാക്കി.

വികാരങ്ങളെ എളുപ്പത്തിൽ മുറിപ്പെടുത്തുന്നവരെ (sensitive people) നോക്കിയല്ല ഞങ്ങൾ കാര്യങ്ങൾ ചെയ്യുന്നത്. ഒരാൾക്ക് മുറിവേറ്റു എന്നതുകൊണ്ട് ദുരുദ്ദേശ്യമായി കണക്കാക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒരു ഭാഗമോ ഒരു വാചകമോ മാത്രം എടുത്ത് വിമർശിക്കാൻ കഴിയുമോ? ഈ പരമ്പര 20 വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ളതാണ്. ഇത് കോർഡെലിയ ക്രൂയിസ് സംഭവത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയല്ല. ആവേശകമ്മിറ്റിക്കാരായ ഉദ്യോഗസ്ഥരിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊണ്ടത്. ഇത് കോർഡെലിയ ക്രൂയിസ് കഥയാണെന്ന് ഒരു നിലയ്ക്കും പറയാന്‍ കഴിയില്ലെന്നും കൗൾ കൂട്ടിച്ചേർത്തു.

2021 ഒക്ടോബറിലാണ് വിവാദങ്ങൾക്ക് തുടക്കമിട്ട കോർഡെലിയ ക്രൂയിസ് കേസ് നടക്കുന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡെലിയ എംപ്രസ് ക്രൂയിസ് കപ്പലിലെ ലഹരി പാർട്ടിയിൽ അന്നത്തെ എൻ.സി.ബി സോണൽ ഓഫീസറായിരുന്ന സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുകയും ആര്യൻ ഖാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റിനെ തുടർന്ന് മൂന്നാഴ്ചയിലധികം ജയിലിൽ കഴിഞ്ഞ ആര്യന് പിന്നീട് മയക്കുമരുന്ന് കേസിൽ ക്ലീൻ ചിറ്റ് ലഭിച്ചു.

നെറ്റ്ഫ്ലിക്സ് പരമ്പരയുടെ പേരിൽ വാങ്കഡെ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്നത് വാങ്കഡെയ്ക്ക് ഇഷ്ടമാണെന്നും കൗൾ കോടതിയിൽ ആരോപിച്ചു. കേസിൽ റെഡ് ചില്ലീസ് എന്റർടൈൻമെൻ്റിൻ്റെ നിലപാട് വ്യക്തമാക്കിയതോടെ വാങ്കഡെയുടെ ഇടക്കാല വിലക്ക് ആവശ്യം പ്രതിസന്ധിയിലായിരിക്കുകയാണ്.

Also read: