തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നതല്ല ഈ ഫലം-എംകെ സ്റ്റാലിന്
ചെന്നൈ: ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിനു പിന്നാലെ, പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്. പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ മുന്നണിക്ക് തെരഞ്ഞെടുപ്പ് പാഠമുള്ക്കൊള്ളാനുണ്ടെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് പറഞ്ഞു. എന്നാല്‍, ഈ ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെ വെള്ളപൂശുന്നതല്ലെന്നും സ്റ്റാലിന് വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ‘ഇന്ത്യ’ മുന്നണി ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. കൂട്ടായി പ്രവര്‍ത്തിച്ച് സഖ്യത്തെ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു. എന്നാല്‍ വിജയം പൂര്‍ണമായും അംഗീകരിക്കുന്നതിനൊപ്പം തന്നെ, കമ്മീഷന്റെ നടപടികളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
”ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ സഖ്യങ്ങള്‍, വ്യക്തമായ രാഷ്ട്രീയ സന്ദേശം, അവസാന വോട്ട് വരെ സമര്‍പ്പിതമായ പ്രവര്‍ത്തനം എന്നിവയാണ് തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിപ്പിക്കുന്നത്. ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പരിചയസമ്പന്നരായ രാഷ്ട്രീയക്കാരാണ്. ഈ ഫലത്തിന്റെ സന്ദേശം മനസിലാക്കാനും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ തന്ത്രപരമായി ആസൂത്രണം ചെയ്യാനും കഴിവുള്ളവരാണ്.”-സ്റ്റാലിന് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്പ്രവൃത്തികളെയും വീണ്ടുവിചാരമില്ലാത്ത നടപടികളെയും വെള്ളപൂശുന്നില്ല. കമ്മീഷന്റെ പേരും പെരുമയും ഏറ്റവും താഴ്ന്ന നിലയിലാണ്. ഈ രാജ്യത്തെ പൗരന്മാര് കൂടുതല്‍ ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മീഷനെ അര്‍ഹിക്കുന്നുണ്ടെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.