കരീബിയന്‍ കടലില്‍ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ വിന്യസിച്ചു; വെനസ്വേലയ്‌ക്കെതിരെ അമേരിക്ക യുദ്ധത്തിലേക്ക്?
വാഷിങ്ടണ്‍: അമേരിക്കയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് കരീബിയന്‍ കടലില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്ന കപ്പലുകള്‍ക്കെതിരെ സൈനിക ആക്രമണം നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണിത്. എന്നാല്‍, ഈ നടപടി വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്കെതിരായ കടുത്ത സമ്മര്‍ദതന്ത്രമായാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്.
‘ഓപറേഷന്‍ സതേണ്‍ സ്പിയര്‍’ ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലുകളുടെ വരവ്. മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും മറ്റ് യുദ്ധക്കപ്പലുകളും കരീബിയന്‍ കടലില്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് യുഎസ് നാവികസേനയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഏകദേശം 12,000 നാവികരും മറൈന്‍ സൈനികരും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.
മയക്കുമരുന്ന് ഭീകരതയ്ക്കെതിരെ രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളെ സജ്ജമാക്കുമെന്ന് സ്‌ട്രൈക്ക് ഗ്രൂപ്പിനെ നയിക്കുന്ന റിയര്‍ അഡ്മിറല്‍ പോള്‍ ലാന്‍സിലോട്ട വ്യക്തമാക്കി. അമേരിക്കന്‍ മേഖലയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യാന്തര ഭീഷണികളെ ചെറുക്കാന്‍ യുഎസ് സേന സജ്ജമാണെന്ന് അഡ്മിറല്‍ ആല്‍വിന്‍ ഹോള്‍സിയും പ്രസ്താവനയില്‍ അറിയിച്ചു.
നിയമവിരുദ്ധമായി മയക്കുമരുന്ന് കടത്തുന്ന ചെറിയ ബോട്ടുകള്‍ യുഎസ് സൈന്യം ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് കപ്പലിന്റെ വരവ്. കിഴക്കന്‍ പസഫിക് സമുദ്രത്തിലെ അന്താരാഷ്ട്ര ജലാശയത്തില്‍ നടന്ന ഈ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും ബോട്ട് പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യം മുതല്‍ കരീബിയന്‍, കിഴക്കന്‍ പസഫിക് എന്നിവിടങ്ങളില്‍ യുഎസ് നടത്തിയ 21 ആക്രമണങ്ങളിലായി കുറഞ്ഞത് 83 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
എന്നാല്‍, സൈനിക വിന്യാസം ആക്രമണാത്മക നടപടിയാണെന്ന് വെനിസ്വേലന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചു. യുഎസിലേക്കുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാനാണ് വിന്യാസമെന്ന് ഭരണകൂടം വാദിക്കുന്നുണ്ടെങ്കിലും, കൊല്ലപ്പെട്ടവര്‍ ‘മയക്കുമരുന്ന് തീവ്രവാദികള്‍’ ആണെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ പുറത്തുവിട്ടിട്ടില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിക്കപ്പെട്ട മദുറോയെ വെനിസ്വേലയുടെ നിയമാനുസൃത നേതാവായി അമേരിക്ക അംഗീകരിക്കുന്നില്ല. വെനിസ്വേലന്‍ സര്‍ക്കാരിനെ മയക്കുമരുന്ന് കടത്തുകാരുമായി പരസ്യമായി സഹകരിക്കുന്ന ഒരു ‘ട്രാന്‍സ്ഷിപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍’ എന്നാണ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വിശേഷിപ്പിച്ചത്. മദുറോയും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും തീവ്രവാദ അക്രമങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിനും ഉത്തരവാദികളായവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.