31/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയില്‍ പുതുചരിത്രം; സൊഹ്റാന്‍ മംദാനി ന്യൂയോർക്ക് മേയർ

 അമേരിക്കയില്‍ പുതുചരിത്രം; സൊഹ്റാന്‍ മംദാനി ന്യൂയോർക്ക് മേയർ

ന്യൂയോർക്ക് സിറ്റി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും, ആദ്യ മുസ്‌ലിം, ദക്ഷിണേഷ്യൻ വംശജനായും 34 വയസ്സുകാരനായ മംദാനി ചരിത്രമെഴുതി. യുഎസ് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കാൻ പോകുന്നതാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ വിജയം.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പ്രമുഖ ശതകോടീശ്വരൻമാർ, പ്രമുഖ ജൂത നേതാക്കൾ, വലതുപക്ഷ മാധ്യമങ്ങൾ എന്നിവരുടെയെല്ലാം കൊണ്ടുപിടിച്ച പ്രചാരണങ്ങളെ മറികടന്നാണ് മംദാനി ചരിത്രം കുറിക്കുന്നത്.​പ്രശസ്ത ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഉഗാണ്ടൻ പണ്ഡിതനായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിലാണ് ന്യൂയോർക്കിലെത്തിയത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ, കരുത്തനായ ആൻഡ്രൂ ക്യൂമോയെ അട്ടിമറിച്ച മംദാനി, പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് വിജയം ഉറപ്പിച്ചത്.

​സാധാരണക്കാർക്കുവേണ്ടിയും തൊഴിലാളി വർഗ്ഗത്തിനുവേണ്ടിയും ശക്തമായി വാദിക്കുന്ന പുരോഗമന നിലപാടുകളാണ് മംദാനിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കുക, വാടക നിയന്ത്രിക്കുക, പൊതു ബസുകൾ സൗജന്യമാക്കുക, സമ്പന്നർക്ക് നികുതി വർദ്ധിപ്പിക്കുക തുടങ്ങിയ ജനകീയ വിഷയങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

​ഈ അപ്രതീക്ഷിത വിജയം അമേരിക്കയിലെ പുരോഗമന രാഷ്ട്രീയത്തിന് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. ന്യൂയോർക്കിന്റെ ചരിത്രത്തിലും, ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയിലും സൊഹ്റാൻ മംദാനിയുടെ ഈ വിജയം ഒരു നിർണ്ണായക വഴിത്തിരിവായി കണക്കാക്കപ്പെടുന്നു

Also read: