27/01/2026

തീർത്ഥാടന വിസയിൽ ഭിക്ഷാടനം; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി; വിസ നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങൾ

 തീർത്ഥാടന വിസയിൽ ഭിക്ഷാടനം; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി; വിസ നിയന്ത്രണം കടുപ്പിച്ച് രാജ്യങ്ങൾ

ഇസ്‌ലാമാബാദ്: വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട സംഘടിത ഭിക്ഷാടന ശൃംഖലകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം ഭിക്ഷാടനത്തിന്റെ പേരിൽ 24,000 പാകിസ്ഥാനികളെയാണ് സൗദി അറേബ്യ നാടുകടത്തിയത്. ഇതോടെ പാക് പൗരന്മാർക്ക് വിസ നൽകുന്നതിൽ സൗദിയും യുഎഇയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു.

കണക്കുകൾ ഞെട്ടിക്കുന്നത്:

സൗദി അറേബ്യ: 24,000 പേരെ നാടുകടത്തി.
യുഎഇ: 6,000 പേരെ തിരിച്ചയച്ചു.
അസർബൈജാൻ: 2,500 പേർക്കെതിരെ നടപടിയെടുത്തു.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യാചകവൃത്തിക്ക് പിടിയിലാകുന്നവരിൽ 90 ശതമാനവും പാകിസ്ഥാനികളാണെന്ന് വിദേശകാര്യ സെക്രട്ടറി സീഷാൻ ഖൻസാദ വെളിപ്പെടുത്തി. ഉംറ, ടൂറിസ്റ്റ് വിസകൾ ദുരുപയോഗം ചെയ്താണ് ഭൂരിഭാഗം പേരും വിദേശത്തെത്തുന്നത്. മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇവർ സംഘടിതമായി ഭിക്ഷാടനം നടത്തുന്നു. ഇതൊരു സാധാരണ പ്രവൃത്തിയല്ലെന്നും, കൃത്യമായ റിക്രൂട്ട്‌മെന്റുകളിലൂടെ നടക്കുന്ന ലാഭകരമായ വ്യവസായമാണിതെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി.

നടപടി കർശനമാക്കി പാകിസ്ഥാൻ

പ്രശ്‌നം രൂക്ഷമായതോടെ പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (FIA) വിമാനത്താവളങ്ങളിൽ പരിശോധന ഊർജിതമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ യാത്രയ്‌ക്കെത്തിയ 66,154 പേരെ ഈ വർഷം തടഞ്ഞുവച്ചു. ഗൾഫിന് പുറമെ യൂറോപ്പ്, ആഫ്രിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കും ഇത്തരം സംഘങ്ങൾ വ്യാപിക്കുന്നതായി എഫ്‌ഐഎ മുന്നറിയിപ്പ് നൽകി.

ഈ പ്രവണത തുടർന്നാൽ ഭാവിയിൽ ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് വിസ ലഭിക്കുന്നത് കൂടുതൽ ദുഷ്‌കരമാകുമെന്ന് സൗദി മതകാര്യ മന്ത്രാലയം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also read: