28/03/2026
[fontresizer_tawhidurrahmandear_widget]

മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചു

 മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചു

തൃപ്പൂണിത്തുറ: മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ(69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

സാമൂഹിക വിമർശനവും ഹാസ്യവും ഇഴചേർത്ത തിരക്കഥകളിലൂടെയും, തനിമയാർന്ന അഭിനയശൈലിയിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1976-ൽ പുറത്തിറങ്ങിയ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. പിന്നീട് തിരക്കഥാകൃത്തായും സംവിധായകനായും നടനായും അദ്ദേഹം മലയാള സിനിമയുടെ ഗതിമാറ്റിയ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി.

‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങി മലയാളി എന്നും ഓർത്തിരിക്കുന്ന ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും അഭിനയമികവിൽ നിന്നും പിറവിയെടുത്തു. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ, പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടുകെട്ടുകൾ മലയാളത്തിന് സമ്മാനിച്ചത് എക്കാലത്തെയും മികച്ച ഹിറ്റുകളായിരുന്നു.

മോഹൻലാലുമായുള്ള കൂട്ടുകെട്ടും ദാസൻ-വിജയൻ (നാടോടിക്കാറ്റ്) പോലുള്ള കഥാപാത്രങ്ങളും ഏറെ ജനപ്രീതി നേടി.

മികച്ച തിരക്കഥാകൃത്തിനും സംവിധായകനുമുള്ളതടക്കം നിരവധി സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ: വിമല. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

Also read: