26/01/2026

അര്‍ണബിന്റെ ‘കളംമാറ്റത്തിന്’ പിന്നില്‍ അദാനി? റിപബ്ലിക്ക് ടി.വി ബിജെപിയെ വിമര്‍ശിക്കുന്നത് എന്തുകൊണ്ട്?

 അര്‍ണബിന്റെ ‘കളംമാറ്റത്തിന്’ പിന്നില്‍ അദാനി? റിപബ്ലിക്ക് ടി.വി ബിജെപിയെ വിമര്‍ശിക്കുന്നത് എന്തുകൊണ്ട്?

ന്യൂസ്ലോണ്‍ഡ്രിയും ദി ന്യൂസ്മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത

മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്ന കല അര്‍ണബ് ഗോസ്വാമി പെട്ടെന്ന് തിരിച്ചുപിടിച്ചത് ന്യൂസ്റൂമുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലികള്‍ ഇതിനെ ദീര്‍ഘകാലമായി കാത്തിരുന്ന ‘പഴയ ഫോമിലേക്കുള്ള മടങ്ങിവരവാ’യി വാഴ്ത്തുമ്പോള്‍, വിമര്‍ശകര്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരയുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് മാറിയത്?

അര്‍ണബ് ഗോസ്വാമിയുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ഒരു ഡസനോളം ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു, മിക്കവരും ഒരുപോലെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ ഇത് ഒരു രാഷ്ട്രീയപരമായ തിരിച്ചറിവിനെക്കാള്‍ ഉപരി, കൃത്യമായി കണക്കുകൂട്ടിയുള്ള ഒരു ബിസിനസ്സ് തന്ത്രമാണെന്ന് (business pivot) അവരെല്ലാം സൂചിപ്പിച്ചു.

ഇന്‍ഡിഗോ വിമാന കമ്പനിയുമായി ബന്ധപ്പെട്ട പ്രതിസന്ധിയായിരുന്നു ഇതിന് തുടക്കമിട്ടതെന്ന് ഉള്ളുകള്ളികള്‍ അറിയുന്നവര്‍ പറയുന്നു. ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതുപോലെ, ഈ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനുള്ള തീരുമാനം ലളിതമായ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു: ജനരോഷം ശക്തമായിരുന്നു, എന്നാല്‍ ടിവിയില്‍ ആരും ആ വാര്‍ത്ത വേണ്ടവിധം ഏറ്റെടുത്തിരുന്നില്ല. റിപ്പബ്ലിക് ടിവി അത് ഏറ്റെടുത്തു, ടിഡിപിയെ രൂക്ഷമായി വിമര്‍ശിച്ചു, ആ പരീക്ഷണം വിജയിക്കുകയും ചെയ്തു. ആ ആഴ്ച ടിആര്‍പി നമ്പറുകള്‍ കുത്തനെ ഉയര്‍ന്നു. ഭരണകൂടത്തിനെതിരെയാണെങ്കില്‍ പോലും ‘പരസ്പരം കൊമ്പുകോര്‍ത്തുള്ള പത്രപ്രവര്‍ത്തനം’ (confrontational journalism) ഇപ്പോഴും വിറ്റഴിക്കപ്പെടുന്നു എന്നതിന്റെ തെളിവായിരുന്നു അത്.

തുടര്‍ന്ന് കണ്ടത് പരിചിതമായ ഒരു ശൈലിയായിരുന്നു. ഡല്‍ഹിയിലെ വിഷപ്പുക വിഷയത്തില്‍ അര്‍ണബ് മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞു, ആരവല്ലി മലനിരകളിലെ നശീകരണത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു, മകന്റെ വിവാഹത്തിന് 70 ലക്ഷം രൂപയുടെ പടക്കം പൊട്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന മധ്യപ്രദേശ് ബിജെപി നേതാവിനെതിരെയും അദ്ദേഹം രംഗത്തുവന്നു. ഇത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കി. ഗോസ്വാമിയെ അഭിനന്ദിക്കുകയാണെങ്കിലും വിമര്‍ശിക്കുകയാണെങ്കിലും, അദ്ദേഹം ഒരു ചര്‍ച്ചാവിഷയമായി മാറി എന്നതാണ് പ്രധാനം.

എന്നാല്‍ ആരവല്ലി വിഷയത്തിലെ കവറേജ് വെറും റേറ്റിംഗിന് വേണ്ടി മാത്രമല്ലെന്ന് ഉള്ളിലുള്ളവര്‍ ഉറപ്പിച്ചു പറയുന്നു. അതിന് വ്യക്തമായ ഒരു കോര്‍പ്പറേറ്റ് മാനമുണ്ടായിരുന്നു.

അധികം നാളുകള്‍ക്ക് മുമ്പല്ല, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിവാദ സമയത്തടക്കം അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ സംരക്ഷകനായിരുന്നു അര്‍ണബ്. എന്നാല്‍ ഇന്ന് ആ സമവാക്യം മാറിയിരിക്കുന്നു. എന്‍ഡിടിവിയെ ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പ് റിപ്പബ്ലിക്കിന്റെ നേരിട്ടുള്ള എതിരാളിയായി മാറി. സമ്പന്നമായ എന്‍ഡിടിവി ഇപ്പോള്‍ റിപ്പബ്ലിക് ടിവിയില്‍ നിന്നടക്കം മാധ്യമപ്രവര്‍ത്തകരെ തട്ടിയെടുക്കുകയും, വിപണിയില്‍ കുറഞ്ഞ നിരക്കില്‍ പരസ്യ പാക്കേജുകള്‍ നല്‍കുകയും ചെയ്യുന്നു.

‘അദാനി-എന്‍ഡിടിവി സഖ്യം ഞങ്ങളെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുന്നു,’ റിപബ്ലിക്കിലെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് പറഞ്ഞു. ‘അതുകൊണ്ട് ആരവല്ലി വിഷയത്തില്‍ അര്‍ണബ് സര്‍ക്കാരിനെ ആക്രമിക്കുന്നതായി തോന്നുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഉന്നമിടുന്നത് അദാനിയെയാണ്.’

എന്നിരുന്നാലും, റിപ്പബ്ലിക് ന്യൂസ്റൂമിനുള്ളില്‍ ഈ തന്ത്രപരമായ കണക്കുകൂട്ടലുകള്‍ ആരും തുറന്നു സംസാരിക്കാറില്ല. എഡിറ്റോറിയല്‍ നയത്തില്‍ മാറ്റം വരുത്തിയതായി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പോലും പറയുന്നു. ‘എഡിറ്റ് മീറ്റിംഗുകളില്‍ ഒന്നും വ്യക്തമായി ചര്‍ച്ച ചെയ്തിട്ടില്ല,’ ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞു.

എന്നാല്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെടുന്നത് ഡാറ്റ (കണക്കുകള്‍) മാത്രമാണ്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന ഗോസ്വാമിയുടെ ക്ലിപ്പുകള്‍ വൈറലാകുന്നു. ടിആര്‍പി ഉയരുന്നു. പരസ്യ നിരക്കുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഒച്ചപ്പാടുകളിലൂടെ നിലനില്‍ക്കുന്ന ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം, ഇത്തരം അനുകൂല പ്രതികരണങ്ങളെ അവഗണിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല.

മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം, ഇതൊരു അപ്രഖ്യാപിത വെടിനിര്‍ത്തലായാണ് (unspoken truce) അറിയുന്നവര്‍ വിശേഷിപ്പിക്കുന്നത്. വല്ലപ്പോഴുമുള്ള വിമര്‍ശനങ്ങള്‍ അനുവദനീയമാണ്, അത് ഗുണകരവുമാണ്. എന്നാല്‍ കാതലായ പ്രത്യയശാസ്ത്ര വിഷയങ്ങളില്‍, അതിര്‍വരമ്പുകള്‍ ഇപ്പോഴും ശക്തമായി തന്നെ തുടരുന്നു. ഇവിടെയാണ് പ്രശ്‌നത്തിന്റെ കാതല്‍ കിടക്കുന്നത്. വര്‍ഗീയത പോലുള്ള വിഷയങ്ങളില്‍ അര്‍ണബ് എന്ത് നിലപാട് സ്വീകരിക്കും?

ഇന്‍ഡിഗോ, ആരവല്ലി ക്ലിപ്പുകള്‍ വൈറലായിക്കൊണ്ടിരുന്ന അതേ സമയത്തുതന്നെയാണ് തിരുപ്പറങ്കുണ്ട്രം ദീപം വിവാദത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുമായി അര്‍ണബ് അഭിമുഖം നടത്തിയതെന്നും, ജസ്റ്റിസ് ജിആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും നാം മറക്കരുത്.

പ്രൈം ടൈം ടെലിവിഷനില്‍ വിയോജിപ്പുകള്‍ക്ക് അയവുണ്ടാകാം. എന്നാല്‍ കൂറ് എന്നത് ബിസിനസ്സ് ബുദ്ധി പോലെത്തന്നെ, അതിന്റെ പരിധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒന്നാണെന്ന് തോന്നുന്നു.

(കടപ്പാട്: പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത എക്‌സ് ഹാന്‍ഡില്‍)

Also read: