അഹമ്മദാബാദ് വിമാന ദുരന്തം; ‘ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങളിൽ മാരക രാസവസ്തു’ മോർച്ചറി ജീവനക്കാർക്ക് വിഷബാധയേറ്റതായി റിപ്പോർട്ട്
ലണ്ടൻ: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഞെട്ടൽ മാറും മുൻപേ, ലണ്ടനിൽ നിന്ന് മറ്റൊരു ഗുരുതരമായ റിപ്പോർട്ട് പുറത്തുവരുന്നു. അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചപ്പോൾ, അത് കൈകാര്യം ചെയ്ത മോർച്ചറി ജീവനക്കാർക്ക് മാരകമായ രാസവസ്തുബാധയേറ്റതായാണ് വെളിപ്പെടുത്തൽ.
കഴിഞ്ഞ ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്ന് 53 ബ്രിട്ടീഷ് പൗരന്മാരടക്കം 242 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ലണ്ടനിലേക്ക് അയച്ച മൃതദേഹങ്ങൾ പരിശോധിച്ച വെസ്റ്റ് ലണ്ടൻ കൊറോണർ കോടതിയിലെ ജീവനക്കാർക്കാണ് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്താണ് സംഭവിച്ചത്?
മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി (Embalming) ഉപയോഗിക്കുന്ന ‘ഫോർമാലിൻ’ (Formalin/Formaldehyde) എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും വളരെ കൂടുതലായിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽക്കോക്സ് കണ്ടെത്തി. സാധാരണഗതിയിൽ ഉപയോഗിക്കുന്നതിനേക്കാൾ നാലിരട്ടിയോളം, അതായത് 40 ശതമാനത്തോളം സാന്ദ്രതയുള്ള ഫോർമാലിനാലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്.
ആരോഗ്യ ഭീഷണി ഉയർന്ന അളവിലുള്ള ഫോർമാലിൻ ശ്വസിക്കുന്നത് കണ്ണിനും തൊണ്ടയ്ക്കും നീറ്റലുണ്ടാക്കാനും, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും ക്യാൻസറിനും വരെ കാരണമാകാം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനിടെ മോർച്ചറി ജീവനക്കാർക്ക് ഇത്തരം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ (PPE) ഇത്രയും വീര്യമുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ ജീവനക്കാരുടെ മരണത്തിന് വരെ കാരണമായേക്കാമെന്ന് ഫിയോന വിൽക്കോക്സ് മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ മോർച്ചറികളിൽ കൃത്യമായ മുൻകരുതലുകൾ ഇല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അടിയന്തരമായി സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കണമെന്നും അവർ നിർദ്ദേശിച്ചു.