26/01/2026

‘ജിദ്ദയില്‍നിന്ന് എയർ ഇന്ത്യ വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയര്‍ പൊട്ടി; വലിയ ശബ്ദവും ഉള്ളില്‍ കുലുക്കവും അനുഭവപ്പെട്ടു’

 ‘ജിദ്ദയില്‍നിന്ന് എയർ ഇന്ത്യ വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയര്‍ പൊട്ടി; വലിയ ശബ്ദവും ഉള്ളില്‍ കുലുക്കവും അനുഭവപ്പെട്ടു’

കൊച്ചി: ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണ്. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അതേസമയം, ജിദ്ദയില്‍നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയര്‍ പൊട്ടിയതായും സൂചനയുണ്ട്. വലിയ ശബ്ദം കേട്ടതായും ഉള്ളില്‍ കുലുക്കം അനുഭവപ്പെട്ടതായും യാത്രക്കാരും വെളിപ്പെടുത്തുന്നു.

ടേക്ക് ഓഫിനിടെ വൻ ശബ്ദം; ഭീതിയോടെ യാത്രക്കാർ

ഇന്ന് പുലർച്ചെ 1.15-ന് ജിദ്ദയിൽ നിന്ന് വിമാനം പുറപ്പെടുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായാണ് സൂചന. ടേക്ക് ഓഫ് സമയത്ത് വിമാനത്തിനുള്ളിൽ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറഞ്ഞു. എന്നാൽ സാങ്കേതിക തകരാർ ഉള്ള കാര്യം വിമാനം കൊച്ചിയിലെത്തിയപ്പോൾ മാത്രമാണ് പൈലറ്റ് യാത്രക്കാരെ അറിയിച്ചത്.

ലാൻഡിങ് ഗിയറിൽ തകരാർ

യാത്രമധ്യേ ലാൻഡിങ് ഗിയറിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. വിമാനം ഇറങ്ങുന്നതിനായി നെടുമ്പാശ്ശേരിയിൽ സിയാൽ (CIAL) മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. വിമാനം റൺവേയിൽ തൊട്ടതിന് പിന്നാലെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ.

യാത്രക്കാരുടെ പ്രതിഷേധം

യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചെങ്കിലും, പകരമുള്ള യാത്രാ സൗകര്യങ്ങളെച്ചൊല്ലി വിമാനത്താവളത്തിൽ പ്രതിഷേധം ഉയർന്നു. കോഴിക്കോട്ടേക്ക് റോഡ് മാർഗ്ഗം പോകണമെന്ന് എയർ ഇന്ത്യ അധികൃതർ നിർദ്ദേശിച്ചതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. മറ്റൊരു വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ അധികൃതരുമായി വാക്കുതർക്കത്തിലേർപ്പെട്ടു.

സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗുരുതരമായ ഈ സാങ്കേതിക പിഴവിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കും.

Also read: