27/01/2026

‘2036 ഒളിമ്പിക്‌സിനും അഹമ്മദാബാദ് വേദിയാകും’ പ്രഖ്യാപനവുമായി അമിത് ഷാ

 ‘2036 ഒളിമ്പിക്‌സിനും അഹമ്മദാബാദ് വേദിയാകും’  പ്രഖ്യാപനവുമായി അമിത് ഷാ

അഹമ്മദാബാദ്: 2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന അഹമ്മദാബാദ്, 2036-ലെ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാന്ധിനഗറിൽ നടന്ന ‘സൻസദ് ഖേൽ മഹോത്സവി’ന്റെ (എംപി സ്‌പോർട്‌സ് ഫെസ്റ്റിവൽ) സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030-ലെ കോമൺവെൽത്ത് ഗെയിംസ് നടത്തുന്നതിനുള്ള അനുമതി അഹമ്മദാബാദിന് ഔദ്യോഗികമായി ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്‌സിനെക്കുറിച്ചുള്ള പ്രഖ്യാപനം.

“അടുത്തിടെയാണ് കോമൺവെൽത്ത് ഗെയിംസിനായുള്ള അനുമതി നിങ്ങൾ നേടിയത്. എന്നാൽ അഹമ്മദാബാദിലെ ജനങ്ങൾ തയ്യാറെടുക്കുക, 2036-ലെ ഒളിമ്പിക്‌സിനെയും ഈ നഗരം സ്വാഗതം ചെയ്യാൻ പോവുകയാണ്”- അമിത് ഷാ പറഞ്ഞു. 2036 ഒളിമ്പിക്‌സിന് മുന്നോടിയായി, 2030 കോമൺവെൽത്ത് ഗെയിംസ് ഉൾപ്പെടെ പത്തോളം വമ്പൻ ദേശീയ-അന്തർദേശീയ കായിക മത്സരങ്ങൾക്ക് അഹമ്മദാബാദ് വേദിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിലെ നരൻപുരയിൽ 800 കോടി രൂപ ചെലവിൽ നിർമിച്ച വീർ സവർക്കർ സ്‌പോർട്‌സ് കോംപ്ലക്‌സിലായിരുന്നു ചടങ്ങ്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവ് ഉൾപ്പെടെയുള്ള ലോകോത്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ നഗരത്തിൽ നിർമാണത്തിലിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

2036-ൽ ഒളിമ്പിക്‌സ് ഇന്ത്യയിൽ നടക്കുമ്പോൾ മെഡൽ പട്ടികയിൽ രാജ്യം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിക്കുമെന്ന ആത്മവിശ്വാസം ഷാ പ്രകടിപ്പിച്ചു. അതോടൊപ്പം, രാജ്യത്ത് ഏറ്റവും കൂടുതൽ മെഡൽ നേടുന്ന സംസ്ഥാനമായി ഗുജറാത്ത് മാറണമെന്നും അദ്ദേഹം കായികതാരങ്ങളോട് ആഹ്വാനം ചെയ്തു.

Also read: