ക്യാംപ് നൗവിൽ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്; അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1ന് കീഴടക്കി ബാഴ്സ
സ്വന്തം തട്ടകമായ ക്യാംപ് നൗവിലെ ആവേശകരമായ ലാ ലിഗ പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 3-1 ന്റെ മിന്നും ജയവുമായി ബാഴ്സലോണ. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ബ്ലൗഗ്രാനയുടെ ശക്തമായി തിരിച്ചുവരവ്. അലക്സ് ബയേനയുടെ ഗോളിൽ സന്ദർശകർ മുന്നിലെത്തുകയും റോബർട്ട് ലെവൻഡോവ്സ്കി പെനാൽട്ടി പാഴാക്കുകയും ചെയ്തെങ്കിലും ഡാനി ഓൽമോ, ഫെറാൻ ടോറസ് എന്നിവരുടെ ഗോളിൽ ബാഴ്സ കടുപ്പമുള്ള പരീക്ഷ ജയിച്ചു. ഇതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സ തങ്ങളുടെ ലീഡ് നാല് പോയിന്റായി ഉയർത്തി.
ഹൈലൈൻ ഡിഫൻസ് കളിച്ച ബാഴ്സയ്ക്കെതിരെ ആദ്യമിനുട്ടുകളിൽ മേൽക്കൈ പുലർത്തിയ അത്ലറ്റികോ 19-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. നഹുവേൽ മോളിനയുടെ ലോങ് ബോളിൽ നിന്ന് ആലെക്‌സ് ബയേന ഓഫ്‌സൈഡ് കെണി ഭേദിച്ച് ബാഴ്‌സ ഗോൾകീപ്പർ ജോവാൻ ഗാർസ്യയെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ആദ്യം ഓഫ്‌സൈഡ് ഫ്ലാഗ് ചെയ്‌തെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിച്ചതോടെ എവേ സ്റ്റാൻഡുകളിൽ ആവേശം പടർന്നു.
എന്നാൽ സിമിയോണിയുടെ സംഘത്തിന്റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഏഴ് മിനിറ്റിനുള്ളിൽ ബാഴ്‌സലോണ സമനില നേടി. പെഡ്രിയുടെ മനോഹരമായ ത്രൂ ബോൾ നിയന്ത്രിച്ച റഫിഞ്ഞ അത്ലറ്റികോ കീപ്പർ യാൻ യാൻ ഒബ്ലാക്കിനെ സമർത്ഥമായി വെട്ടിച്ച് ആളൊഴിഞ്ഞ പോസ്റ്റിൽ ഗോളടിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ഡാനി ഓൽമോയെ ബോക്സിൽ ഫൗൾ ചെയ്‌തതിന് അത്ലറ്റികോ പെനാൽട്ടി വഴങ്ങിയെങ്കിലും കിക്കെടുത്ത റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക് പിഴച്ചു. വെറ്ററൻ താരത്തിന്റെ കിക്ക് ബാറിന് മുകളിലൂടെ പറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ലെവൻഡോവ്‌സ്‌കിക്ക് ഗോൾ നേടാൻ ഒരവസരം കൂടി ലഭിച്ചെങ്കിലും ഒബ്ലാക്കിന്റെ മികച്ച സേവ് അത് വിഫലമാക്കി.
രണ്ടാം പകുതിയിൽ ബാഴ്‌സയുടെ ആക്രമണ മികവാണ് കണ്ടത്. 65-ാം മിനിറ്റിൽ അത്ലറ്റികോ ബോക്സിലുണ്ടായ അനിശ്ചിതത്വങ്ങൾക്കിടെ, ഡാനി ഓൽമോ മനോഹരമായ ഇടംകാൽ ഷോട്ടിലൂടെ പന്ത് വലയുടെ മൂലയിൽ എത്തിച്ചു. തോളെല്ലിന് പരിക്കേറ്റ ഓൽമോയ്ക്ക് തൊട്ടുപിന്നാലെ കളംവിടേണ്ടിയും വന്നു.
സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ച അത്ലറ്റികോയ്ക്ക് 80-ാം മിനിറ്റിൽ സുവർണാവസരം ലഭിച്ചെങ്കിലും ഭാഗ്യക്കേട് ചതിച്ചു. ബാഴ്സയുടെ ബോക്സിൽ അങ്കലാപ്പ് പടർത്തിയ തിയാഗോ അൽമാഡ ഓരോരുത്തരെയായി വെട്ടിയൊഴിഞ്ഞെങ്കിലും അവസാനം പോസ്റ്റിലേക്ക് ഷോട്ടെടുക്കുന്നതിൽ പരാജയപ്പെട്ടു.
ഫൈനൽ വിസിന് തൊട്ടുമുമ്പാണ് വിജയം ഉറപ്പിച്ച് ഫെറാൻ ടോറസ് ബാഴ്‌സയുടെ മൂന്നാം ഗോൾ നേടിയത്. അലെജാന്ദ്രോ ബാൾഡെ ഇടതുവശത്ത് നിന്ന് നൽകിയ മനോഹരമായ ക്രോസ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വോളിയിലൂടെ ടോറസ് വലയിലാക്കുകയായിരുന്നു.
ലീഗിൽ ബാഴ്‌സയുടെ തുടർച്ചയായ എട്ടാം വിജയമാണിത്. ലീഗിൽ നാലാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് പരാജയം തിരിച്ചടിയായി.