വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം
പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന് അവശനിലയിലായ മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ യുവാവിൻ്റെ മാതാവ് നല്ലേപ്പിള്ളി സ്വദേശിനി ജോറാമ്മ (53) മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാടാങ്കോട് ജങ്ഷന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
വിഷം കഴിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൻ മഫ്ലുവിനെ (25) വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ ചുമരിലിടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ മറ്റൊരു ആംബുലൻസിൽ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോറാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റ് ബന്ധുക്കളും നഴ്സും പരിക്കുകളോടെ ചികിത്സയിലാണ്.
റോഡരികിലെ കടയിൽ ഇലക്ട്രിക് ഉപകരണങ്ങൾ നന്നാക്കുകയായിരുന്ന മൂന്ന് സഹോദരങ്ങളും വഴിയാത്രക്കാരനായ ശങ്കരനാരായണനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണം തെറ്റിയ ആംബുലൻസ് കടയുടെ ചുമര് തകർത്തെങ്കിലും ഇവർ അത്ഭുതകരമായി മാറിച്ചാടുകയായിരുന്നു. ടൗൺ സൗത്ത് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.