30/07/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ മോനെ പൊലീസ് അടിച്ചുകൊന്നതാണ്, ഈ രണ്ട് മക്കൾക്ക് ഇനി ആരാണുള്ളത്?’ – കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ മാതാപിതാക്കൾ

 ‘എന്റെ മോനെ പൊലീസ് അടിച്ചുകൊന്നതാണ്, ഈ രണ്ട് മക്കൾക്ക് ഇനി ആരാണുള്ളത്?’ – കുണ്ടറയിലെ സിയാദിന്റെ മരണത്തിൽ മാതാപിതാക്കൾ

കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ഡ്രൈവറായ സിയാദ് (35) മരിച്ചത് പോലീസ് മർദനം മൂലമാണെന്ന ആരോപണത്തിൽ ഉറച്ചുനിന്ന് കുടുംബം. സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് സിയാദിന്റെ മാതാപിതാക്കളായ ബദ്രുദീനും ആരിഫാ ബീവിയും അറിയിച്ചു.

ആളുമാറിയാണ് പോലീസ് തന്നെ മർദിച്ചതെന്ന് സിയാദ് പറഞ്ഞിരുന്നതായി കുടുംബം വ്യക്തമാക്കി. കുണ്ടറ സ്റ്റേഷനിലെ സിപിഒ ശ്രീജിത്ത് പോലീസ് ജീപ്പിൽ വെച്ച് ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവസമയത്ത് ജീപ്പിലുണ്ടായിരുന്ന പരാതിക്കാരിയായ പെൺകുട്ടിയും പോലീസ് മർദനം സ്ഥിരീകരിച്ചിട്ടുണ്ട്.

മർദനത്തെ തുടർന്ന് അവശനായ സിയാദിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വാരിയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. തുടർന്ന് ശ്വാസകോശത്തിൽ അണുബാധ ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെയാണ് സിയാദ് മരണത്തിന് കീഴടങ്ങിയത്. വാരിയെല്ലിനേറ്റ പൊട്ടലും അതിനെത്തുടർന്നുണ്ടായ ഇൻഫെക്ഷനുമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ സൂചന.

മുൻപ് കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിയാദായിരുന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക അത്താണി. 13-ഉം 9-ഉം വയസ്സുള്ള രണ്ട് കുട്ടികളാണ് സിയാദിനുള്ളത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സിയാദിന്റെ വീട് സന്ദർശിച്ച കുണ്ടറ എംഎൽഎ പി.സി വിഷ്ണുനാഥിന് കുടുംബം നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Also read: