10/06/2026
[fontresizer_tawhidurrahmandear_widget]

ഇറാന്‍കടലിൽ ‘രക്തപ്രളയം’; മഴയ്ക്ക് പിന്നാലെ ഹോർമുസ് ദ്വീപിൽ അപൂർവ പ്രതിഭാസം

 ഇറാന്‍കടലിൽ ‘രക്തപ്രളയം’; മഴയ്ക്ക് പിന്നാലെ ഹോർമുസ് ദ്വീപിൽ അപൂർവ പ്രതിഭാസം

തെഹ്റാന്‍: പേർഷ്യൻ ഗൾഫിലെ വിനോദസഞ്ചാര കേന്ദ്രമായ ഹോർമുസ് ദ്വീപ് വീണ്ടും അത്ഭുതക്കാഴ്ചയൊരുക്കുന്നു. കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിന്റെ തീരപ്രദേശവും കടൽവെള്ളവും രക്തം പോലെ ചുവന്നതാണ് സഞ്ചാരികളെയും ലോകത്തെയും അമ്പരപ്പിക്കുന്നത്. ചൊവ്വ ഗ്രഹത്തിന് ചുവപ്പ് നിറം നൽകുന്ന അതേ രാസപ്രക്രിയ തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.

എന്താണ് ഈ ചുവപ്പിന് പിന്നിൽ?

ഹോർമുസ് ദ്വീപിലെ മണ്ണിലും പാറകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന അയൺ ഓക്‌സൈഡ് (ഹെമറ്റൈറ്റ്) എന്ന ധാതുവാണ് ഈ പ്രതിഭാസത്തിന് കാരണം. മഴ പെയ്യുമ്പോൾ ഈ ധാതുക്കൾ കലർന്ന മണ്ണ് ഒലിച്ച് കടലിലേക്ക് ചേരുന്നു. ഇരുമ്പിന്റെ അംശം കൂടുതലായതിനാൽ ഇത് കടൽവെള്ളത്തിന് കടും ചുവപ്പ് നിറം നൽകുന്നു.

പേർഷ്യൻ ഗൾഫിലെ മഴവില്ല്

വർണാഭമായ ഭൂപ്രകൃതി കാരണം ‘പേർഷ്യൻ ഗൾഫിലെ റെയിൻബോ ഐലൻഡ്’ (മഴവില്ല് ദ്വീപ്) എന്നാണ് ഹോർമുസ് അറിയപ്പെടുന്നത്. ഇവിടുത്തെ മണ്ണിൽ നിന്നുള്ള ഈ ചുവന്ന ധാതുക്കൾ നാട്ടുകാർ തങ്ങളുടെ ഭക്ഷണത്തിലും പെയിന്റിംഗുകളിലും പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്.

കനത്ത മഴയെത്തുടർന്ന് കടൽ ചുവന്നൊഴുകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് മനുഷ്യർക്ക് നേരിട്ട് ഹാനികരമല്ലെങ്കിലും, തുടർച്ചയായുള്ള ഇത്തരം മണ്ണൊലിപ്പ് ദ്വീപിന്റെ ഭൂപ്രകൃതിയെ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി ബാധിച്ചേക്കാമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Also read: