12,000 രൂപ മുടക്കിയിട്ടും മെസ്സിയെ കണ്ടില്ല; വേദിയിൽ ചെലവിട്ടത് മിനിറ്റുകൾ മാത്രം; കൊൽക്കത്തയിൽ ആരാധകരോഷം
കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കൊൽക്കത്ത സന്ദർശനം സംഘാടകരുടെ പിഴവുകൾ മൂലം അലങ്കോലമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ‘GOAT ടൂർ’ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മെസ്സിയെ ഒരുനോക്ക് കാണാനാകാതെ ആരാധകർ നിരാശരായി.
ടിക്കറ്റിനായി 12,000 രൂപ വരെ മുടക്കിയവർക്ക് പോലും താരത്തെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നാണ് പരാതി. വേദിയിൽ തിങ്ങിനിറഞ്ഞ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും കാരണം ഗാലറിയിലുള്ളവർക്ക് മെസ്സിയെ കാണാൻ തടസ്സമായി. ഇതിൽ പ്രകോപിതരായ ആരാധകർ സ്റ്റേഡിയത്തിലേക്ക് കുപ്പികൾ വലിച്ചെറിയുകയും ഗേറ്റുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി.
വെറും 22 മിനിറ്റ് മാത്രമാണ് മെസ്സി വേദിയിൽ ചെലവഴിച്ചത്. ഇതിനിടയിൽ ഷാരൂഖ് ഖാൻ, സൗരവ് ഗാംഗുലി, മുഖ്യമന്ത്രി മമത ബാനർജി എന്നിവർ പങ്കെടുക്കാനിരുന്ന ചടങ്ങുകളും ബഹളത്തെത്തുടർന്ന് തടസ്സപ്പെട്ടു. ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ മെസ്സിക്ക് സ്റ്റേഡിയത്തിൽ നിന്ന് നേരത്തെ മടങ്ങേണ്ടി വന്നു. തുടർന്ന് ഹയാത്ത് ഹോട്ടലിന് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.
സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖേദം പ്രകടിപ്പിച്ചു. വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ജസ്റ്റിസ് ആഷിം കുമാർ റേയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചതായും അവർ അറിയിച്ചു.