‘സഞ്ചാര്‍ സാഥി’ ആപ്പ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി; കടുത്ത പ്രതിഷേധത്തിനൊടുവില്‍ ‘യൂ ടേണ്‍’
ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ ഉയര്‍ന്ന ശക്തമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും പിന്നാലെ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലികോം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് പിന്‍വലിച്ചു. സ്വകാര്യത ലംഘിക്കപ്പെടുമെന്നാരോപിച്ച് പ്രതിപക്ഷവും ടെക് കമ്പനികളും പൊതുജനങ്ങളും ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്രം ‘യൂ ടേണ്‍’ അടിച്ചത്.
ഇതുസംബന്ധിച്ച നിര്‍ദേശം പിന്‍വലിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം മാനിച്ചും സാങ്കേതികപരമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുമാണ് തീരുമാനമെന്നും, ഉത്തരവില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.
90 ദിവസത്തിനുള്ളില്‍ വിപണിയിലെത്തുന്ന എല്ലാ പുതിയ ഫോണുകളിലും, ഇതിനകം നിര്‍മിച്ച് വില്‍ക്കാനായി വച്ചിരിക്കുന്ന ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍ബില്‍റ്റായി ഉണ്ടായിരിക്കണമെന്നായിരുന്നു ടെലികോം വകുപ്പിന്റെ ആദ്യ നിര്‍ദേശം. വ്യാജ ഐഎംഇഐ (IMEI) നമ്പറുകള്‍ തടയുന്നതിനും ഫോണ്‍ മോഷണം പോയാല്‍ കണ്ടെത്താനും ഇത് സഹായിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തങ്ങളുടെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്ന് ആപ്പിള്‍ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്ന് പ്രതിപക്ഷവും ആരോപിച്ചു.
ആപ്പിലൂടെ പൗരന്മാരെ നിരീക്ഷിക്കാന്‍ സാധിക്കില്ലെന്നും അത്തരത്തിലുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പുനല്‍കി. ആപ്പ് ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.