‘എന്നെ വിരട്ടാൻ നോക്കേണ്ട; ഞാൻ അങ്ങനെ കീഴൊതുങ്ങുന്ന ആളല്ല’; റോഹിംഗ്യൻ പരാമർശത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: റോഹിംഗ്യൻ അഭയാർത്ഥി കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ നിരീക്ഷണങ്ങൾക്കെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്ക് പരോക്ഷ മറുപടിയുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന് ആരും കരുതേണ്ടെന്നും, താൻ അത്ര എളുപ്പത്തിൽ കീഴടങ്ങുന്ന ആളല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ബെംഗളൂരുവിലെ ബലാത്സംഗ കേസ് മാറ്റണമെന്നാവശ്യപ്പെട്ട് മുൻ എംപി പ്രജ്വൽ രേവണ്ണ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷകൻ നടത്തിയ വിമർശനമാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം റോഹിംഗ്യൻ അഭയാർത്ഥികളുടെ തിരോധാനം സംബന്ധിച്ച കേസ് പരിഗണിക്കവെ, നുഴഞ്ഞുകയറ്റക്കാരെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണോ എന്ന ചീഫ് ജസ്റ്റിസിൻ്റെ പരാമർശത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ മദൻ ബി. ലോക്കൂർ ഉൾപ്പെടെയുള്ള മുൻ ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ കത്തെഴുതുകയും വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു.
“കോടതിയിൽ വാദത്തിനിടെ ഞങ്ങൾ പല സാങ്കൽപ്പിക സാഹചര്യങ്ങളും ചർച്ച ചെയ്യാറുണ്ട്. ജഡ്ജിമാർ പല നിരീക്ഷണങ്ങളും നടത്തും. എന്നാൽ ജഡ്ജി വായ തുറക്കുമ്പോഴേക്കും അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. എന്നെ വിരട്ടാനോ ഭീഷണിപ്പെടുത്താനോ ആർക്കും കഴിയില്ല. ഞാൻ അങ്ങനെയൊരാളല്ല,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നിരീക്ഷണങ്ങളെ വിധിയായി തെറ്റിദ്ധരിക്കരുതെന്നും, ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി ജുഡീഷ്യൽ അഭിപ്രായങ്ങൾ മാറ്റില്ലെന്നും അദ്ദേഹം വിമർശകർക്ക് മുന്നറിയിപ്പ് നൽകി.
ചീഫ് ജസ്റ്റിസിനെതിരായ നീക്കം ആസൂത്രിതമാണെന്ന് ആരോപിച്ച് 44 മുൻ ജഡ്ജിമാർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.