ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ വെള്ളപ്പൊക്കം; 4 മരണം; ആന്ധ്രയിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറിയെങ്കിലും തമിഴ്‌നാട്ടിൽ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നാല് പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ന്യൂനമർദം നീങ്ങുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
തമിഴ്നാട് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ നൽകിയ വിവരമനുസരിച്ച്, തൂത്തുക്കുടി, തഞ്ചാവൂർ ജില്ലകളിലായി മതിൽ തകർന്ന് രണ്ട് പേരും മയിലാടുതുറൈയിൽ ഒരാൾ വൈദ്യുതാഘാതമേറ്റും മരിച്ചു. വില്ലുപുരം പെരാമണ്ടൂരിൽ വൈദ്യുതി കമ്പിയിൽ തട്ടി ഒരു കർഷകനും മരിച്ചു.
സംസ്ഥാനത്തുടനീളം 149 കന്നുകാലികൾ ചാവുകയും 234 വീടുകൾക്കും കുടിലുകൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നിലവിൽ ആയിരങ്ങളെ 38 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ ഡെൽറ്റാ ജില്ലകളിലെ ഏകദേശം 56,000 ഹെക്ടർ നെൽവയലുകൾ വെള്ളത്തിനടിയിലായി. നാഗപട്ടണം (24,000 ഹെക്ടർ), തിരുവാരൂർ (15,000 ഹെക്ടർ), മയിലാടുതുറൈ (8,000 ഹെക്ടർ) എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വിളനാശം സംഭവിച്ചത്.
മഴവെള്ളം പൂർണ്ണമായും ഇറങ്ങിയ ശേഷം കൃഷിനാശം വിലയിരുത്തി കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യം മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.