വിശപ്പില്ലായ്മയും ക്ഷീണവും നിസ്സാരമാക്കല്ലേ..! കരൾ അപകടത്തിലാണെന്ന് എങ്ങനെ തിരിച്ചറിയാം, എങ്ങനെ തടയാം?
ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും പ്രധാനപ്പെട്ട ‘കെമിക്കൽ ഫാക്ടറി’യുമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് മുതൽ ദഹനപ്രക്രിയയെ സഹായിക്കുന്നത് വരെ നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ, ഒട്ടും ശബ്ദമുണ്ടാക്കാതെ നിശബ്ദമായിട്ടാകും പലപ്പോഴും കരൾ രോഗങ്ങൾ നമ്മളെ പിടികൂടുക. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ, രോഗം മൂർച്ഛിച്ച ശേഷമാകും പലരും ചികിത്സ തേടുന്നത്.
രോഗം പിടിപെടുന്നത് നാല് ഘട്ടങ്ങളിലൂടെ
വിട്ടുമാറാത്ത കരൾ രോഗങ്ങൾ (Chronic Liver Disease) പ്രധാനമായും നാല് ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്:
- ഹെപ്പറ്റൈറ്റിസ് (വീക്കം): കരളിനെ ബാധിക്കുന്ന ആദ്യ ഘട്ടമാണിത്. വിഷാംശങ്ങളോ അണുബാധയോ ഏൽക്കുമ്പോൾ കരൾ കോശങ്ങളിൽ വീക്കം സംഭവിക്കുന്നു. കൃത്യമായി ചികിത്സിച്ചാൽ ഇത് ഭേദമാക്കാം.
- ഫൈബ്രോസിസ് (Fibrosis): വീക്കം തുടർച്ചയായി നിൽക്കുന്നതോടെ കരളിൽ വടുക്കൾ (Scar tissue) രൂപപ്പെടുന്നു. ഇത് രക്തയോട്ടം കുറയ്ക്കുകയും കരളിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
- സിറോസിസ് (Cirrhosis): രോഗം ഗുരുതരമാകുന്ന ഘട്ടമാണിത്. ആരോഗ്യമുള്ള കോശങ്ങൾക്ക് പകരം കട്ടി കൂടിയ വടുക്കൾ നിറയുന്നു. ഈ ഘട്ടത്തിലെ കേടുപാടുകൾ പരിഹരിക്കാൻ പ്രയാസമാണ്.
- കരൾ പരാജയം (Liver Failure): കരളിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്ന അതീവ ഗുരുതരമായ അവസാന ഘട്ടം.
തിരിച്ചറിയാം ഈ ലക്ഷണങ്ങളെ
തുടക്കത്തിൽ വിശപ്പില്ലായ്മ, അമിതമായ ക്ഷീണം, വയറിന്റെ മുകൾ ഭാഗത്ത് നേരിയ വേദന എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ രോഗം ഗുരുതരമാകുമ്പോൾ ശരീരം നൽകുന്ന അപായ സൂചനകൾ ഇവയാണ്: - കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം (മഞ്ഞപ്പിത്തം).
- വയറിലും കാലുകളിലും നീര് വന്ന് വീർക്കുക.
- കടുത്ത നിറത്തിലുള്ള മൂത്രവും, വിളറിയ നിറത്തിലുള്ള മലവും.
- ചർമ്മത്തിൽ അസഹനീയമായ ചൊറിച്ചിൽ, പെട്ടെന്നുണ്ടാകുന്ന ചതവുകൾ.
*അകാരണമായി ശരീരഭാരം കുറയുക.
ജീവിതശൈലിയിൽ വരുത്താം മാറ്റങ്ങൾ
കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ജീവിതശൈലിയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക് ഉൾപ്പെടെയുള്ള ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു:
ഭക്ഷണം: പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളും അമിത കൊഴുപ്പും ഒഴിവാക്കുക. ഇലക്കറികൾ, പഴങ്ങൾ എന്നിവ ശീലമാക്കുക.
മദ്യപാനം: കരളിന്റെ പ്രധാന ശത്രുവായ മദ്യവും പുകയിലയും പൂർണ്ണമായും ഉപേക്ഷിക്കുക.
വ്യായാമം: അമിതഭാരം കരളിന് ഭീഷണിയാണ്. വ്യായാമത്തിലൂടെ ബോഡി മാസ് ഇൻഡക്‌സ് (BMI) നിയന്ത്രിക്കുക.
മരുന്ന്: വേദനസംഹാരികൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കുന്നത് കരളിനെ ദോഷകരമായി ബാധിക്കും.
വാക്‌സിനേഷൻ: ഹെപ്പറ്റൈറ്റിസ് എ, ബി വാക്‌സിനുകൾ സ്വീകരിക്കുന്നത് കരൾ രോഗങ്ങളെ തടയാൻ സഹായിക്കും.
കൃത്യമായ ഇടവേളകളിൽ ലിവർ ഫംഗ്‌ഷൻ ടെസ്റ്റ് (LFT) ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കും.