10/06/2026
[fontresizer_tawhidurrahmandear_widget]

കർണാടകയിൽ കണ്ടെത്തിയത് ടൺ കണക്കിന് സ്വർണവും ലിഥിയവും; പക്ഷേ, സർക്കാരിന് തൊടാനാകില്ല! കാരണം ഇതാണ്

 കർണാടകയിൽ കണ്ടെത്തിയത് ടൺ കണക്കിന് സ്വർണവും ലിഥിയവും; പക്ഷേ, സർക്കാരിന് തൊടാനാകില്ല! കാരണം ഇതാണ്

ബെംഗളൂരു: കർണാടകയിൽ ടൺ കണക്കിന് സ്വർണ്ണവും ഇലക്ട്രിക് വാഹന വിപണിക്ക് അത്യാവശ്യമായ ലിഥിയവും ഉൾപ്പെടെയുള്ള വൻ ധാതുശേഖരം കണ്ടെത്തി. എന്നാൽ, ഈ ‘ജാക്ക്‌പോട്ട്’ കൈയെത്തും ദൂരത്തുണ്ടായിട്ടും തൊടാനാവാത്ത അവസ്ഥയിലാണ് സംസ്ഥാന സർക്കാർ.
സംസ്ഥാന ഖനി-ഭൂമശാസ്ത്ര വകുപ്പ് 6 ലക്ഷം ഹെക്ടറിൽ നടത്തിയ സർവ്വേയിലാണ് അമൂല്യമായ ധാതുനിക്ഷേപം കണ്ടെത്തിയത്. എന്നാൽ ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സംരക്ഷിത വനമേഖലകൾക്കുള്ളിലാണ് എന്നതാണ് ഖനനത്തിന് തടസ്സമാകുന്നത്.
കണ്ടെത്തലുകൾ ഇങ്ങനെ:

കൊപ്പൽ ജില്ലയിലെ അമ്രാപൂർ ബ്ലോക്കിലാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത്. സാധാരണ ഒരു ടൺ മണ്ണിൽ നിന്ന് 2-3 ഗ്രാം സ്വർണ്ണം ലഭിക്കുമ്പോഴാണ് ഖനനം ലാഭകരമാകുന്നത്. എന്നാൽ, ഇവിടെ ഉപരിതല സാമ്പിളുകളിൽ നിന്ന് ടണ്ണിന് 12 മുതൽ 14 ഗ്രാം വരെ സ്വർണ്ണമാണ് കണ്ടെത്തിയത്. ആഴത്തിലും ഈ നിലവാരം (8-10 ഗ്രാം) നിലനിർത്താനായാൽ പ്രതിവർഷം 18-22 കോടി രൂപയുടെ സ്വർണ്ണം ഇവിടെ നിന്ന് മാത്രം ഉത്പാദിപ്പിക്കാനാകും.

റായ്ച്ചൂരിലെ അമരേശ്വര ബ്ലോക്കിൽ ലിഥിയം അടങ്ങിയ പെഗ്മാറ്റൈറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീരിനും ഛത്തീസ്ഗഢിനും ശേഷം ലിഥിയം സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇതോടെ കർണാടകയും ഇടംപിടിച്ചു.

വനസംരക്ഷണ നിയമം (1980) പ്രകാരം, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ (MoEFCC) അനുമതിയില്ലാതെ സംരക്ഷിത വനങ്ങളിൽ ഡ്രില്ലിംഗ് പോലും നടത്താൻ കഴിയില്ല. ഈ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ശേഖരത്തിന്റെ യഥാർത്ഥ അളവ് തിട്ടപ്പെടുത്താൻ അധികൃതർക്ക് സാധിക്കുന്നില്ല.
തുടർനടപടികൾ:
നിയമവിരുദ്ധ ഖനനം തടയുന്നതിനായി ഈ മേഖലകളിൽ സായുധ വനപാലകരെ വിന്യസിച്ചിട്ടുണ്ട്. അനുമതി നടപടികൾ വേഗത്തിലാക്കാൻ കർണാടക സർക്കാർ ഒരു ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ ഖനനം ആരംഭിക്കാൻ കുറഞ്ഞത് 5 മുതൽ 8 വർഷം വരെ സമയമെടുത്തേക്കും. 2026 പകുതിയോടെയെങ്കിലും പ്രാഥമിക അനുമതി (Stage-1 Clearance) ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Also read: