ബാബരി വിധിയിലെ ചരിത്രരേഖകൾ വിട്ടുനൽകണം; സുപ്രീം കോടതിയെ സമീപിക്കാന്‍ രാമക്ഷേത്ര ട്രസ്റ്റ്
അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന് വഴിയൊരുക്കിയ 2019-ലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. തർക്കഭൂമിയായിരുന്ന 2.77 ഏക്കർ സ്ഥലം രാമക്ഷേത്ര നിർമാണത്തിനായി വിട്ടുനൽകിക്കൊണ്ടുള്ള വിധിപ്രസ്താവത്തിന് ആധാരമായ ചരിത്രപരമായ തെളിവുകൾ, അനുബന്ധ രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭ്യമാക്കണമെന്നാണ് ട്രസ്റ്റിന്റെ ആവശ്യം.
ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന എല്ലാ ചരിത്രരേഖകളും തെളിവുകളും ലഭ്യമാക്കണമെന്ന് കാണിച്ച് ട്രസ്റ്റ് സുപ്രീം കോടതിക്ക് ഔദ്യോഗികമായി കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ 2019 നവംബറിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകി ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്. ഈ വിധിയുടെ ഭാഗമായ ജുഡീഷ്യൽ രേഖകളും പുരാവസ്തു തെളിവുകളും ക്ഷേത്രത്തിന്റെ ചരിത്രപരമായ നാൾവഴികൾ രേഖപ്പെടുത്തുന്നതിന് അനിവാര്യമാണെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ. ഇതിനായാണ് ഔദ്യോഗികമായി കോടതിയെ സമീപിക്കുന്നത്.