ഭൂമിയില്‍ തിളങ്ങും നക്ഷത്രം പോലെ വിശുദ്ധ ‘കഅ്ബ’; ബഹിരാകാശത്തുനിന്നുള്ള മക്കയുടെ വിസ്മയ ദൃശ്യം പുറത്തുവിട്ട് ‘നാസ’ പര്യവേക്ഷകന്‍
മക്ക: ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ തിളങ്ങുന്ന പ്രകാശബിന്ദുവായി മക്കയിലെ വിശുദ്ധ ഗേഹം കഅ്ബ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) നിന്നുള്ള മക്കയുടെ മനോഹരമായ രാത്രികാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാസയുടെ മുതിര്‍ന്ന ബഹിരാകാശ സഞ്ചാരി ഡോണ്‍ പെറ്റിറ്റ്. (Holy Kaaba Shines Like a Star on Earth; NASA Astronaut Don Pettit Shares Mesmerizing View of Mecca from Space)
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പെറ്റിറ്റ് ഈ ചിത്രം പുറത്തുവിട്ടത്. മക്കയിലെ ജനനിബിഡമായ നഗരദൃശ്യങ്ങള്‍ക്കിടയില്‍, മസ്ജിദുല്‍ ഹറമിന്റെ മധ്യഭാഗത്തുള്ള കഅ്ബ ഒരു ‘സെലസ്റ്റിയല്‍ ലൈറ്റ് ഹൗസ്'(ആകാശത്തിലെ വിളക്കുമാടം) പോലെ തിളങ്ങിനില്‍ക്കുന്നത് ചിത്രത്തില്‍ വ്യക്തമായി കാണാം.
‘മധ്യഭാഗത്തുള്ള ആ തിളങ്ങുന്ന ബിന്ദു ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലമായ കഅ്ബയാണ്, ബഹിരാകാശത്ത് നിന്ന് നോക്കിയാല്‍ പോലും അത് വ്യക്തമായി കാണാം,’-ഡോണ്‍ പെറ്റിറ്റ് ചിത്രത്തോടൊപ്പം എക്‌സില്‍ കുറിച്ചു.

ഭൂമിയില്‍നിന്ന് 250 മൈലുകള്‍ അകലെ നിന്ന് പകര്‍ത്തിയ ഈ ചിത്രത്തില്‍, മക്കയിലെ ഹൈവേകളും കെട്ടിടങ്ങളും സ്വര്‍ണ ഞരമ്പുകള്‍ പോലെ പ്രകാശിച്ചു നില്‍ക്കുന്നതും അതിനു നടുവില്‍ കഅ്ബ വേറിട്ടുനില്‍ക്കുന്നതും കാണാം. ലോകമെമ്പാടുമുള്ള 180 കോടിയിലധികം വരുന്ന ഇസ്‌ലാം മതവിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി അഭിമുഖീകരിക്കുന്ന ദിശയാണ്(ഖിബ്ല) കഅ്ബ.
ചിത്രം നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ‘നൂറുകോടിയിലധികം വരുന്ന വിശ്വാസികളുടെ ഹൃദയമാണ് ഈ കാണുന്നത്,’ എന്നാണ് സൗദിയില്‍നിന്നുള്ള ഒരാള്‍ കുറിച്ചത്. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും, ഭൂമിയിലെ ഏറ്റവും പുണ്യമായ സ്ഥലം ബഹിരാകാശത്തുനിന്ന് പോലും ഇത്ര മനോഹരമായി കാണാന്‍ കഴിയുന്നത് അത്ഭുതകരമാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
67-കാരനായ ഡോണ്‍ പെറ്റിറ്റ് ബഹിരാകാശ ഫോട്ടോഗ്രഫിയില്‍ പേരുകേട്ടയാളാണ്. മൂന്ന് ബഹിരാകാശ ദൗത്യങ്ങളിലായി 370ലധികം ദിവസങ്ങള്‍ അദ്ദേഹം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. അറോറകള്‍, റോക്കറ്റ് വിക്ഷേപണങ്ങള്‍ തുടങ്ങി ഭൂമിയുടെ നിരവധി അത്ഭുത ദൃശ്യങ്ങള്‍ അദ്ദേഹം ഇതിന് മുന്‍പും പകര്‍ത്തിയിട്ടുണ്ട്.