30/03/2026
[fontresizer_tawhidurrahmandear_widget]

മോദിയെ കാറിലിരുത്തി നാടുചുറ്റി ജോർദാൻ കിരീടാവകാശി; യാത്രയയക്കാനും വിമാനത്താവളം വരെ അനുഗമിച്ചു

 മോദിയെ കാറിലിരുത്തി നാടുചുറ്റി ജോർദാൻ കിരീടാവകാശി; യാത്രയയക്കാനും വിമാനത്താവളം വരെ അനുഗമിച്ചു

അമ്മാൻ: ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോർദാൻ സന്ദർശനം. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കപ്പുറം ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ നേർക്കാഴ്ചകൾക്കും സന്ദർശനം വേദിയായി. ജോർദാൻ കിരീടാവകാശി അൽഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ മോദിക്ക് നൽകിയ ഊഷ്മളമായ ആതിഥ്യമാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം.

ഔദ്യോഗിക വാഹനവ്യൂഹങ്ങളെ ഒഴിവാക്കി, കിരീടാവകാശി തന്നെ നേരിട്ട് കാറോടിച്ചാണ് മോദിയെ ജോർദാൻ മ്യൂസിയത്തിലേക്ക് കൊണ്ടുപോയത്. മ്യൂസിയം സന്ദർശനത്തിന് ശേഷം വിമാനത്താവളത്തിലേക്ക് മോദിയെ യാത്രയയക്കാനും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിലും സമാനമായ രീതിയിൽ പുടിൻ മോദിയെ കാറിൽ കൊണ്ടുപോയിരുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ 42-ാം തലമുറയിലെ പിൻഗാമിയാണ് കിരീടാവകാശി അൽഹുസൈൻ. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ച വാക്കുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

കൂടിക്കാഴ്ചയും ചർച്ചകളും

അമ്മാനിലെത്തിയ പ്രധാനമന്ത്രിയെ ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് അൽ ഹുസൈനിയ കൊട്ടാരത്തിൽ വെച്ച് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക-ആഗോള വിഷയങ്ങൾ എന്നിവ ചർച്ചയായി.

ന്യൂഡൽഹിയും അമ്മാനും തമ്മിലുള്ള ബന്ധം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സന്ദർശനം സഹായിക്കുമെന്ന് മോദി വ്യക്തമാക്കി. പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ നവീകരണം, ഊർജ്ജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള കൂട്ടായ ശ്രമങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കും.

ജോർദാനിലെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി എത്യോപ്യയിലേക്ക് തിരിക്കും. എത്യോപ്യയിലേക്കുള്ള മോദിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. തുടർന്ന് ഒമാനിലേക്കും അദ്ദേഹം യാത്ര ചെയ്യും.

Also read: