27/01/2026

ഇനി അജ്ഞാത കോളുകളില്ല; ഫോൺ സ്‌ക്രീനിൽ പേര് തെളിയും: രാജ്യത്ത് സിഎൻഎപി സേവനം ആരംഭിച്ചു

 ഇനി അജ്ഞാത കോളുകളില്ല; ഫോൺ സ്‌ക്രീനിൽ പേര് തെളിയും: രാജ്യത്ത് സിഎൻഎപി സേവനം ആരംഭിച്ചു

ന്യൂഡൽഹി: ടെലികോം വിപണിയിൽ വലിയ വിപ്ലവത്തിന് തുടക്കമിട്ട് സിഎൻഎപി (CNAP) സേവനം ആരംഭിച്ചു. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് കോൾ വരുമ്പോൾ വിളിക്കുന്നയാളുടെ കൃത്യമായ പേര് സ്‌ക്രീനിൽ കാണിക്കുന്ന സംവിധാനമാണിത്. ട്രായ് (TRAI) നിർദ്ദേശപ്രകാരം റിലയൻസ് ജിയോ, എയർടെൽ, വിഐ തുടങ്ങിയ പ്രമുഖ ഓപ്പറേറ്റർമാർ രാജ്യത്തെ വിവിധ സർക്കിളുകളിൽ ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിത്തുടങ്ങി.

എന്താണ് സിഎൻഎപി?
കോളർ നെയിം പ്രസന്റേഷൻ (Calling Name Presentation) എന്നതിന്റെ ചുരുക്കപ്പേരാണ് സിഎൻഎപി. നിലവിൽ ട്രൂകോളർ പോലുള്ള ആപ്പുകൾ നൽകുന്ന സേവനത്തിന് സമാനമാണിതെങ്കിലും, വിവരങ്ങളുടെ വിശ്വാസ്യതയാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. മൂന്നാം കക്ഷി ആപ്പുകൾ ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളെ ആശ്രയിക്കുമ്പോൾ, സിഎൻഎപി ഉപയോഗിക്കുന്നത് ടെലികോം കമ്പനികളുടെ ഔദ്യോഗിക ഡാറ്റാബേസ് ആണ്. അതായത്, ഒരു വ്യക്തി സിം കാർഡ് എടുക്കുമ്പോൾ നൽകിയ ആധാർ ഉൾപ്പെടെയുള്ള കെവൈസി (KYC) രേഖകളിലെ പേര് തന്നെയാകും സ്‌ക്രീനിൽ തെളിയുക.

ലഭ്യതയും നിലവിലെ സ്ഥിതിയും
കേരളം ഉൾപ്പെടെയുള്ള പ്രധാന സംസ്ഥാനങ്ങളിൽ റിലയൻസ് ജിയോ ഇതിനോടകം സിഎൻഎപി സേവനം സജീവമാക്കിയിട്ടുണ്ട്. എയർടെൽ പശ്ചിമ ബംഗാൾ, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലും വോഡഫോൺ ഐഡിയ മഹാരാഷ്ട്രയിലും പരീക്ഷണങ്ങൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ പശ്ചിമ ബംഗാളിൽ പരീക്ഷണം ആരംഭിച്ചതായും വൈകാതെ രാജ്യവ്യാപകമായി സേവനം ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 4G, 5G നെറ്റ്‌വർക്കുകളിൽ സേവനം ഡിഫോൾട്ടായി ലഭ്യമാകും.

വ്യാജ കോളുകൾക്ക് തടയിടാം
വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കും സ്പാം കോളുകൾക്കും തടയിടുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം നിശബ്ദ കോളുകളെ (Silent Calls) കുറിച്ച് ടെലികോം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കോൾ എടുത്താൽ മറുപുറത്ത് സംസാരമില്ലാത്ത ഇത്തരം കോളുകൾ, നമ്പറുകൾ സജീവമാണോ എന്ന് പരിശോധിക്കാൻ സ്‌കാമർമാർ ഉപയോഗിക്കുന്നതാണ്. ഇത്തരം നമ്പറുകൾ ഉടൻ ബ്ലോക്ക് ചെയ്യാനും സഞ്ചാർ സാത്തി പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാനും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.

സ്വകാര്യത ആഗ്രഹിക്കുന്നവർക്ക് കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ വഴി പേര് പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാനുള്ള സൗകര്യവും ഈ സംവിധാനത്തിൽ ലഭ്യമാണ്.

Also read: