26/01/2026

സമ്പത്തില്‍ പിച്ചൈയെയും നാദെല്ലയെയും പിന്നിലാക്കി പെൺകരുത്ത്; ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ സിഇഒ, ആരാണ് ജയശ്രീ ഉള്ളാൽ?

 സമ്പത്തില്‍ പിച്ചൈയെയും നാദെല്ലയെയും പിന്നിലാക്കി പെൺകരുത്ത്; ലോകത്തെ ഏറ്റവും സമ്പന്നയായ ഇന്ത്യൻ വംശജയായ സിഇഒ, ആരാണ് ജയശ്രീ ഉള്ളാൽ?

ന്യൂഡൽഹി: ആഗോള ടെക് ലോകത്തെ അതികായന്മാരായ സുന്ദർ പിച്ചൈയെയും സത്യ നാദെല്ലയെയും പിന്നിലാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അരിസ്റ്റ നെറ്റ്‌വർക്ക്‌സ് സിഇഒ ജയശ്രീ ഉള്ളാൽ . ‘ഹുറുൺ ഇന്ത്യ റിച്ച്‌ലിസ്റ്റ് 2025’ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ വംശജരായ പ്രൊഫഷണലുകളുടെ പട്ടികയിലാണ് ജയശ്രീ ഒന്നാമതെത്തിയത്.

ഫോർബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5.7 ബില്യൺ ഡോളറാണ് (ഏകദേശം 47,000 കോടി രൂപ) ജയശ്രീയുടെ ആസ്തി. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ (1.5 ബില്യൺ ഡോളർ), മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല (1.1 ബില്യൺ ഡോളർ) എന്നിവരേക്കാൾ ബഹുദൂരം മുന്നിലാണിവർ. അരിസ്റ്റ നെറ്റ്‌വർക്ക്‌സിൽ ജയശ്രീക്കുള്ള ഏകദേശം 3 ശതമാനം ഓഹരി പങ്കാളിത്തമാണ് സമ്പത്ത് വർധിക്കാൻ പ്രധാന കാരണം.

ആരാണ് ജയശ്രീ ഉള്ളാൽ?

ലണ്ടനിൽ ജനിച്ച ജയശ്രീ ഡൽഹിയിലെ കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് അമേരിക്കയിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ അവർ, സിസ്‌കോ സിസ്റ്റംസ് ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 2008ലാണ് ജയശ്രീ അരിസ്റ്റ നെറ്റ്‌വർക്ക്‌സിന്റെ അമരത്തെത്തുന്നത്. ക്ലൗഡ് നെറ്റ്‌വർക്കിംഗ് രംഗത്തെ അതിവേഗ സ്വിച്ചുകളും സോഫ്റ്റ്‌വെയറുകളും നിർമ്മിക്കുന്നതിൽ അരിസ്റ്റയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ജയശ്രീ നിർണ്ണായക പങ്ക് വഹിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയുടെ വളർച്ച അരിസ്റ്റ നെറ്റ്‌വർക്ക്‌സിന്റെ ബിസിനസ്സിൽ വലിയ മുന്നേറ്റമുണ്ടാക്കി. വലിയ ഡാറ്റാ സെന്ററുകൾക്കും എഐ ഇൻഫ്രാസ്ട്രക്ചറിനും ആവശ്യമായ സാങ്കേതികവിദ്യ ഒരുക്കുന്നതിൽ അരിസ്റ്റ മുൻപന്തിയിലുള്ളതാണ് ജയശ്രീയുടെ ഓഹരി മൂല്യം കുതിച്ചുയരാൻ കാരണമായത്.

പൊതുവെ വാർത്താമാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാത്ത ജയശ്രീയുടെ നേട്ടം ആഗോള സാങ്കേതിക മേഖലയിലെ ഇന്ത്യൻ നേതൃത്വത്തിന്റെ കരുത്ത് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ്.

Also read: