കലൂർ സ്‌റ്റേഡിയത്തിലെ അപകടം: 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ്
കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ഉമാ തോമസ് എംഎൽഎ നിയമനടപടിയിലേക്ക്. സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎ (GCDA) രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പോൾ ജേക്കബ് വഴി എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു. തുക നൽകാൻ തയ്യാറായില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം മുന്നോട്ട് പോകുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം ഡിസംബർ 29ന് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘മൃദംഗനാദം’ നൃത്തസന്ധ്യയ്ക്കിടെയായിരുന്നു അപകടം. ഗാലറിക്ക് മുകളിൽ താത്കാലികമായി ഒരുക്കിയ ഉദ്ഘാടന വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. തറനിരപ്പിൽ നിന്ന് 10.5 മീറ്റർ ഉയരത്തിൽ നിർമ്മിച്ച വേദിക്ക് ആവശ്യമായ കൈവരികളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻനിര സീറ്റിന് മുന്നിലെ ഇടുങ്ങിയ സ്ഥലത്തിലൂടെ നടക്കുമ്പോൾ തലയടിച്ച് താഴേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടൻ പ്രാഥമിക ചികിത്സ നൽകുന്നതിനോ എംഎൽഎയെ ആശുപത്രിയിൽ എത്തിക്കുന്നതിനോ ഉള്ള സ്‌ട്രെച്ചർ സൗകര്യം പോലും അവിടെ ഉണ്ടായിരുന്നില്ല. പത്ത് മിനിറ്റോളം വൈകിയാണ് സ്‌റ്റേഡിയത്തിന് പുറത്തെത്തിക്കാനായത്. അപകടത്തെത്തുടർന്ന് ഒൻപത് ദിവസത്തോളം ബോധരഹിതയായിരുന്ന ഉമാ തോമസിന് മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് നടക്കാൻ പോലും സാധിച്ചത്. ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അപകടത്തിന്റെ ആഘാതം തുടരുകയാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
സംഘാടകരുടെ വിശ്വാസ്യത പരിശോധിക്കാതെയാണ് ജിസിഡിഎ പരിപാടിക്ക് അനുമതി നൽകിയതെന്ന ഗുരുതര ആരോപണവും നോട്ടീസിലുണ്ട്. 50,000ത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ജിസിഡിഎ പരാജയപ്പെട്ടു. സ്‌റ്റേഡിയം വാടകയ്ക്ക് നൽകുന്നവർ അവിടെ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥരാണെന്നും, നിയമവിരുദ്ധമായ നിർമ്മാണങ്ങൾ അനുവദിച്ചത് അധികൃതരുടെ വീഴ്ചയാണെന്നും എംഎൽഎ ആരോപിക്കുന്നുണ്ട്. തന്റെ അപകടം കാരണം തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾക്കുണ്ടായ നഷ്ടങ്ങൾ കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.