കിണര്‍ കുഴിക്കുന്നതിനും ജലവിനിയോഗത്തിനും കടുത്ത നിയന്ത്രണം; പുതിയ കരട് ജലനയവുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കിണറുകള്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേരള ജലനയം 2025-ന്റെ (Kerala Water Policy 2025) കരട് തയാറായി. കിണര്‍ കുഴിക്കുന്നതിനും ജലവിനിയോഗത്തിനും കടുത്ത നിയന്ത്രണം വരുമെന്നാണ് കരടുരേഖ സൂചിപ്പിക്കുന്നത്. ജലസമൃദ്ധിയുള്ള നാടെന്ന് കരുതുന്ന കേരളം ജലക്ഷാമത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. (Kerala Drafts New Water Policy: Strict Controls on Well Drilling, Groundwater Use and Water Pricing)
പുതിയ കരട് നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
കിണര്‍ കുഴിക്കുന്നതിന് ഇനി മുതല്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടിവരും. വീട്ടാവശ്യങ്ങള്ക്കായാല് പോലും പുതിയ കിണറുകളോ കുഴല്‍ക്കിണറുകളോ കുഴിക്കുന്നതിന് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൂര്‍ അനുമതി തേടണം.
ഓരോ വീട്ടിലും കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി രണ്ട് ടാങ്കുകള്‍ സ്ഥാപിക്കണം.
മഴവെള്ള സംഭരണികള്‍ എല്ലാ വീടുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ബാധ്യത തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.
വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കുന്നതിന് കനത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
വെള്ളമെടുക്കുന്ന സ്രോതസ്സുകള്‍ മുന്‍കൂട്ടി അറിയിക്കുകയും അനുമതി തേടുകയും വേണം.
ഭൂഗര്‍ഭജലം ഉപയോഗിക്കുന്നതിന് വ്യവസ്ഥാപിതമായ നിരക്ക് ഏര്‍പ്പെടുത്തും.
ജലക്ഷാമം നേരിടുന്ന മേഖലകളില്‍, വന്‍തോതില്‍ വെള്ളം ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല.
കരട് നയം സമഗ്രമായ ചര്‍ച്ചകള്‍ക്കും അഭിപ്രായ രൂപീകരണത്തിനുമായി പൊതുജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.