ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ 36 ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ന്യുമോണിയ, കരൾ രോഗങ്ങൾ, പ്രമേഹം, വൃക്കരോഗം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇവരെ അലട്ടിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, ആരോഗ്യസ്ഥിതി മോശമായതിനാൽ അത് സാധ്യമായിരുന്നില്ല.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഖാലിദ സിയ, രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷിയായ ബിഎൻപിയുടെ അനിഷേധ്യ നേതാവായിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പലരും പ്രതീക്ഷിച്ചിരിക്കെയാണ് അവരുടെ വിയോഗം. ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഖാലിദ സിയ രാഷ്ട്രീയത്തിൽ സജീവമായത്.