28/03/2026
[fontresizer_tawhidurrahmandear_widget]

450 യാത്രക്കാരുമായി 3 വിമാനങ്ങൾ; ഇടയിലൂടെ പൊട്ടിത്തെറിച്ചറോക്കറ്റ് അവശിഷ്ടങ്ങൾ, ‘മെയ്‌ഡേ’ സന്ദേശവുമായി പൈലറ്റുമാർ

 450 യാത്രക്കാരുമായി 3 വിമാനങ്ങൾ; ഇടയിലൂടെ പൊട്ടിത്തെറിച്ചറോക്കറ്റ് അവശിഷ്ടങ്ങൾ, ‘മെയ്‌ഡേ’ സന്ദേശവുമായി പൈലറ്റുമാർ

വാഷിംഗ്ടൺ: ഇലോൺ മസ്‌കിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണത്തിനിടെ ഉണ്ടായ സ്‌ഫോടനം വൻ വിമാനദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്ന് റിപ്പോർട്ട്. ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ (FAA) പുതിയ രേഖകളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഈ വർഷം ജനുവരിയിൽ നടന്ന വിക്ഷേപണത്തിനിടെ കരീബിയൻ കടലിന് മുകളിൽ റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോൾ 450ഓളം യാത്രക്കാരുമായി പറന്ന മൂന്ന് വിമാനങ്ങളാണ് ആകാശത്ത് അതീവ അപകടസാഹചര്യത്തെ നേരിട്ടത്.

ആകാശത്തെ ഭീതിയുടെ നിമിഷങ്ങൾ
ടെക്‌സാസിൽ നിന്ന് വിക്ഷേപിച്ച 400 അടി ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റ്, പറന്നുയർന്ന് പത്ത് മിനിറ്റിനുള്ളിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് ചിതറിത്തെറിച്ച റോക്കറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് ഒരു സ്വകാര്യ ജെറ്റും ജെറ്റ്ബ്ലൂ, ഐബീരിയ എയർലൈൻസ് എന്നിവയുടെ വാണിജ്യ വിമാനങ്ങളും കടന്നുപോയത്. സാൻ ജുവാനിലേക്ക് പോവുകയായിരുന്ന ജെറ്റ്ബ്ലൂ വിമാനത്തിലെ പൈലറ്റ് മൂന്ന് തവണയാണ് ആകാശത്ത് ‘മെയ്‌ഡേ’ (Mayday) സന്ദേശം മുഴക്കിയത്. വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് ഇവർക്ക് സാൻ ജുവാനിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നു. അതേസമയം, ഐബീരിയ വിമാനവും ഒരു സ്വകാര്യ ജെറ്റും തമ്മിൽ കൂട്ടിയിടിക്കാവുന്ന അത്രയും അടുത്തുകൂടിയാണ് പറന്നതെന്നും, എയർ ട്രാഫിക് കൺട്രോളർമാർ കൃത്യസമയത്ത് ഇടപെട്ട് പാത മാറ്റിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

സ്‌പേസ് എക്‌സിന്റെ ഗുരുതര വീഴ്ച
വിക്ഷേപണം പരാജയപ്പെട്ട വിവരം ഔദ്യോഗിക ഹോട്ട്‌ലൈൻ വഴി എയർ ട്രാഫിക് കൺട്രോളിനെ (ATC) അറിയിക്കുന്നതിൽ സ്‌പേസ് എക്‌സ് പരാജയപ്പെട്ടുവെന്ന് എഫ്എഎ കുറ്റപ്പെടുത്തി. പൈലറ്റുമാർ വിമാനങ്ങൾക്കിടയിലൂടെ കത്തുന്ന അവശിഷ്ടങ്ങൾ നേരിട്ട് കാണാൻ തുടങ്ങിയപ്പോഴാണ് മിയാമിയിലെ എയർ കൺട്രോളർമാർ പോലും അപകടത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് വിമാനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാൻ എയർ ട്രാഫിക് കൺട്രോളർമാർക്ക് ഏറെ പണിപ്പെടേണ്ടി വന്നു.

രാഷ്ട്രീയ പശ്ചാത്തലവും പ്രതികരണവും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ മസ്‌ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) തലവനായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ജനുവരിയിലെ പരാജയപ്പെട്ട ദൗത്യത്തെക്കുറിച്ചുള്ള രേഖകൾ പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. റോക്കറ്റ് സ്‌ഫോടനത്തെ ഷെഡ്യൂൾ ചെയ്യാത്ത വേർപിരിയൽ എന്നാണ് സ്‌പേസ് എക്‌സ് വിശേഷിപ്പിച്ചത്. ‘വിജയം അനിശ്ചിതമാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നായിരുന്നു സംഭവത്തിന് പിന്നാലെ മസ്‌ക് സോഷ്യൽ എക്‌സിൽ കുറിച്ചത്. എന്നാൽ, യാത്രക്കാരുടെ ജീവൻ പണയപ്പെടുത്തിയുള്ള ഇത്തരം പരീക്ഷണങ്ങൾക്കെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

Also read: