‘വാട്‌സ്ആപ്പ് സുരക്ഷിതമല്ല, എക്‌സിലേക്ക് മാറൂ എന്ന് മസ്‌ക്; മെറ്റയ്‌ക്കെതിരെ വീണ്ടും കേസ്
കാലിഫോർണിയ: വാട്‌സ്ആപ്പ് സുരക്ഷിതമല്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നുമുള്ള ആരോപണവുമായി എലോൺ മസ്‌ക് രംഗത്ത്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ എൻ-ഡ്ടു-എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമാണെന്ന മെറ്റയുടെ വാദം കള്ളമാണെന്ന് ആരോപിച്ച് യുഎസിലെ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്റ്റ് കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്ത പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രതികരണം. ‘വാട്‌സ്ആപ്പ് സുരക്ഷിതമല്ല, സിഗ്‌നൽ പോലും സംശയാസ്പദമാണ്; എക്‌സ് ചാറ്റ് ഉപയോഗിക്കൂ’ എന്ന് മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ കുറിച്ചു.
സന്ദേശങ്ങൾ സ്വകാര്യമാണെന്ന് വരുത്തിത്തീർത്ത് മെറ്റാ ഉപയോക്താക്കളെ വഞ്ചിക്കുകയാണെന്നാണ് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിലെ പ്രധാന ആരോപണം. ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുടെ കൂട്ടായ്മയാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ വിശകലനം ചെയ്യാനും അവ ആക്‌സസ് ചെയ്യാനും മെറ്റാ ജീവനക്കാർക്ക് സാധിക്കുമെന്ന് ഹരജിയിൽ പറയുന്നുണ്ട്. കമ്പനിക്കുള്ളിലെ വിസിൽബ്ലോവർമാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ വിസിൽബ്ലോവർമാരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ആരോപണങ്ങളെല്ലാം മെറ്റാ ശക്തമായി നിഷേധിച്ചു. വാട്‌സ്ആപ്പ് സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്തിട്ടില്ലെന്ന വാദം അസംബന്ധമാണെന്ന് മെറ്റാ വക്താവ് ആൻഡി സ്‌റ്റോൺ പ്രതികരിച്ചു. കഴിഞ്ഞ ഒരു ദശാബ്ദമായി ലോകോത്തരമായ സിഗ്‌നൽ പ്രോട്ടോക്കോൾ വഴിയാണ് വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നതെന്നും സന്ദേശങ്ങൾ വായിക്കാൻ കമ്പനിക്ക് കഴിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച അഭിഭാഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മെറ്റാ അറിയിച്ചു.