20/07/2026
[fontresizer_tawhidurrahmandear_widget]

വാട്‌സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണം നൽകണോ? പുതിയ ‘പ്ലസ് പ്ലാൻ എന്താണെന്നറിയാം

 വാട്‌സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണം നൽകണോ? പുതിയ ‘പ്ലസ് പ്ലാൻ എന്താണെന്നറിയാം

ഇന്ത്യയിൽ മെറ്റ പുതുതായി അവതരിപ്പിച്ച ‘വാട്‌സ്ആപ്പ് പ്ലസ്’ പ്ലാനിനു പിന്നാലെ ഉപയോക്താക്കൾ ആശങ്കയിലായിരിക്കുകയാണ്. നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ വാട്‌സ്ആപ്പ് ഉപയോഗിക്കണമെങ്കിൽ ഇനി മാസം 79 രൂപ കൊടുക്കണോ എന്ന സംശയാണ് ഈ ആശങ്കയ്ക്ക് പിന്നിൽ. എന്നാൽ ഇക്കാര്യത്തിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. സാധാരണ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് ഇതുവരെ നൽകി വന്ന സേവനങ്ങൾ സൗജന്യമായി തുടരും. നിലവിലുള്ള മെസേജ്, കോൾ, സ്റ്റാറ്റസ് എന്നീ സേവനങ്ങളിലൊന്നും മാറ്റമുണ്ടാവുകയില്ല.

എന്താണ് വാട്‌സ്ആപ്പ് പ്ലസ് പ്ലാൻ?

വാട്‌സ്ആപ്പിന്റെ ലുക്കും ഫീലും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റിയെടുക്കാനും വ്യക്തിഗതമാക്കാനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വേണ്ടിയാണ് കമ്പനി ഈ പുതിയ പ്ലാൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ വാട്‌സ്ആപ്പിൽ ലഭിക്കാത്ത ചില സവിശേഷമായ ഫീച്ചറുകളാണ് 79 രൂപയുടെ ഈ പ്ലാനിലൂടെ മെറ്റാ വാഗ്ദാനം ചെയ്യുന്നത്. വൈബ്രന്റ് ബ്ലൂ, റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ, ഫ്യൂഷിയ പിങ്ക് ഉൾപ്പെടെ 18 വ്യത്യസ്ത നിറങ്ങളിലുള്ള എക്‌സ്‌ക്ലൂസീവ് തീമുകൾ ഇതിലൂടെ ആപ്പിന് നൽകാൻ സാധിക്കും. വാട്‌സ്ആപ്പിന്റെ പരമ്പരാഗത പച്ച ലോഗോയ്ക്ക് പകരം ഹോം സ്‌ക്രീനിൽ ഉപയോഗിക്കാൻ 14 വ്യത്യസ്ത ഡിസൈനുകളിലുള്ള കസ്റ്റം ആപ്പ് ഐക്കണുകളും ഇതിനൊപ്പം ലഭിക്കും. സാധാരണ വാട്‌സ്ആപ്പിൽ കുറച്ചു ചാറ്റുകൾ മാത്രമേ മുകളിൽ പിൻ ചെയ്തു വെക്കാൻ സാധിക്കൂ എങ്കിൽ, പ്ലസ് പ്ലാൻ എടുക്കുന്നതിലൂടെ ഒരേസമയം 20 ചാറ്റുകൾ വരെ മുകളിൽ പിൻ ചെയ്തു സൂക്ഷിക്കാൻ കഴിയും.

ഇവയ്ക്ക് പുറമെ ഫ്‌ലട്ടർ, റിപ്പിൾ, മെഡോ തുടങ്ങിയ 10 പുതിയ നോട്ടിഫിക്കേഷൻ ശബ്ദങ്ങളും പ്രീമിയം റിംഗ്‌ടോണുകളും സാധാരണക്കാർക്ക് കിട്ടാത്ത പ്രത്യേക സ്റ്റിക്കർ പാക്കുകളും പ്ലസ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ചാറ്റുകൾ കൂടുതൽ എളുപ്പത്തിൽ ക്രമീകരിക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്ന മികച്ച കൺട്രോൾ ടൂളുകളോട് കൂടിയ അപ്‌ഗ്രേഡ് ചെയ്ത ചാറ്റ് ലിസ്റ്റും ഇതിന്റെ ഭാഗമാണ്. വാട്‌സ്ആപ്പ് പ്ലസ് ഉപയോഗിച്ചാലും സന്ദേശങ്ങളുടെ സുരക്ഷയിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും എല്ലാ ഫീച്ചറുകളിലും എൻഡ്ടുഎൻഡ് എൻക്രിപ്ഷൻ സുരക്ഷ പൂർണ്ണമായും നിലനിൽക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് നിലവിൽ ഈ പ്ലാൻ ലഭ്യമാകുക, കൂടാതെ ഇത് ഉപയോഗിക്കുന്നത് വഴി സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പുതിയ പ്ലാൻ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി ആദ്യത്തെ ഒരു മാസം ട്രയൽ ആയി തികച്ചും സൗജന്യമായാണ് മെറ്റ ഇത് നൽകുന്നത്. ഒരു മാസത്തെ സൗജന്യ ട്രയലിന് ശേഷം മാത്രമായിരിക്കും പ്രതിമാസം 79 രൂപ വീതം ഈടാക്കിത്തുടങ്ങുക, താല്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് ഏത് സമയത്തും സബ്‌സ്‌ക്രിപ്ഷൻ റദ്ദാക്കാവുന്നതുമാണ്. ആൻഡ്രോയിഡ്, ഐഫോൺ, വെബ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സെറ്റിങ്‌സിലെ ‘സബ്‌സ്‌ക്രിപ്ഷൻ’ എന്ന പുതിയ ഓപ്ഷൻ വഴി ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

മെറ്റാ കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലേക്കുള്ള വൻ നിക്ഷേപങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പിൽ ഇത്തരമൊരു പെയ്ഡ് പ്ലാൻ കൊണ്ടുവരുന്നതെന്നാണ് സൂചന. നിലവിൽ ഈ ഫീച്ചർ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും ഘട്ടങ്ങളായി എത്തിക്കൊണ്ടിരിക്കുകയാണ്.

Also read: