‘ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യം വിറ്റ് പണമുണ്ടാക്കുന്നു; പ്രതികൾ ദൃശ്യങ്ങൾ വിൽക്കുന്നത് ടെലഗ്രാം വഴി’; ബിബിസി റിപ്പോർട്ട് പുറത്ത്
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നുണ്ടെന്ന ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ബിബിസി റിപ്പോർട്ട്. ‘ദി കെയർലെസ്സ് മെഷീൻ: എക്‌സ്‌പോസിങ് ഇൻസ്റ്റഗ്രാംസ് ഡാർക്കസ്റ്റ് സീക്രട്ട്’ എന്ന അന്വേഷണാത്മക റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഇതിലൂടെ മെറ്റ പണം സമ്പാദിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാധാരണക്കാരുടെ ഫീഡുകളിലാണ് ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം ആപ്പിൽ നേരിട്ട് അപ്‌ലോഡ് ചെയ്യുന്നതിന് പകരം, ഇത്തരം ഉള്ളടക്കങ്ങൾ അടങ്ങിയ പരസ്യങ്ങളിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. പരസ്യവാചകങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ആളുകൾ ടെലഗ്രാം പോലുള്ള മറ്റ് ആപ്പുകളിലേക്ക് എത്തുകയും, അവിടെ വച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പണം നൽകി വാങ്ങുകയുമാണ് ചെയ്യുന്നത്.
മെറ്റയിലെ മുൻ ഉദ്യോഗസ്ഥനും പിന്നീട് കമ്പനിയുടെ വീഴ്ചകൾ തുറന്നുപറയുകയും ചെയ്ത ബ്രയാൻ ബോലൻഡ് ഇൻസ്റ്റഗ്രാമിന്റെ ഓട്ടോമേറ്റഡ് പരസ്യ സംവിധാനത്തെ നേരത്തെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനും പരസ്യ വരുമാനം കൂട്ടാനും മാത്രമാണ് കമ്പനിയുടെ അൽഗോരിതം മുൻഗണന നൽകുന്നത്. മനുഷ്യർ നേരിട്ട് നടത്തുന്ന പരിശോധനകൾ വളരെ കുറവായതുകൊണ്ട് തന്നെ, കുറ്റവാളികൾക്ക് എഐ ഫിൽട്ടറുകളെ എളുപ്പത്തിൽ കബൡപ്പിക്കാനും ലക്ഷക്കണക്കിന് ആളുകളിലേക്ക് ഇത്തരം പരസ്യങ്ങൾ എത്തിക്കാനും സാധിക്കുന്നു.
ഇൻസ്റ്റയിൽ നിന്ന് ലിങ്ക് വഴി ടെലഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് ഇത്തരം ഇടപാടുകൾ മാറുന്നതുകൊണ്ട് കുറ്റവാളികളെ കണ്ടെത്തുക വലിയ വെല്ലുവിളിയാണെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു. ഈ തെളിവുകൾ പരിശോധിച്ച സുപ്രീം കോടതി റിട്ടയർഡ് ജഡ്ജി, ഇത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണെന്നും ഇൻസ്റ്റഗ്രാമിനെ നിയമപരമായി നേരിടാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
ഈ പരസ്യത്തെക്കുറിച്ച് ഇൻസ്റ്റയുടെ ഓട്ടോമേറ്റഡ് ടൂളിൽ റിപ്പോർട്ട് ചെയ്തപ്പോൾ, ഇത് തങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾക്ക് വിരുദ്ധമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ഒരു സമ്മേളനത്തിൽ വച്ച് മാധ്യമങ്ങൾ മെറ്റയുടെ ഇന്ത്യയിലെ മേധാവിയോട് ഇതിനെക്കുറിച്ച് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ പിന്നീട് നൽകിയ ഔദ്യോഗിക പ്രസ്താവനയിൽ, തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ ശക്തമായി പോരാടുന്നുണ്ടെന്നും നിയമവിരുദ്ധമായ പരസ്യങ്ങൾ നീക്കം ചെയ്യാറുണ്ടെന്നുമാണ് മെറ്റാ പ്രതികരിച്ചത്.