മോദിയുടെ ഫേസ്ബുക്ക് വീഡിയോ അപ്രത്യക്ഷമായി; മാപ്പ് പറഞ്ഞ് മെറ്റ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഖേദപ്രകടനവുമായി മെറ്റ. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സാങ്കേതിക പിഴവ് മൂലമാണ് നീക്കം ചെയ്യപ്പെട്ടതെന്നും, മിനിറ്റുകൾക്കകം അത് പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിശദീകരണത്തിനായി വിളിച്ചുവരുത്താൻ സാധ്യതയുണ്ട്.
വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നയിച്ച 36 ദിവസത്തെ പ്രതിഷേധത്തിനിടെ, ജെൻസിയെ അഭിസംബോധന ചെയ്തുകൊണ്ട് ജൂലൈ 23-നാണ് നരേന്ദ്ര മോദി ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ജൂലൈ 28-ന് പുലർച്ചെ അൽപസമയത്തേക്ക് ഫേസ്ബുക്കിൽ ലഭ്യമല്ലാതായി. ചില ഉപയോക്താക്കൾക്ക് ‘നിയമപരമായ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് ഈ സമയം സ്ക്രീനിൽ തെളിഞ്ഞത്. സംഭവം വൻ വിവാദമായതോടെയാണ് മെറ്റ പ്രതികരണവുമായി രംഗത്തെത്തിയത്.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീഡിയോ വീണ്ടും ലഭ്യമാക്കിയതായി മെറ്റ അധികൃതർ വ്യക്തമാക്കി. സാങ്കേതിക തകരാറാണ് ഇതിന് കാരണമായതെന്നും അവർ വിശദീകരിച്ചു. ‘ഉള്ളടക്കം തെറ്റായി നീക്കം ചെയ്തു, പിന്നീട് പുനഃസ്ഥാപിച്ചു’ -മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
വീഡിയോ എങ്ങനെ നീക്കം ചെയ്യപ്പെട്ടു എന്നും ഇത്തരമൊരു പിഴവ് എങ്ങനെ സംഭവിച്ചു എന്നും അന്വേഷിക്കാൻ മെറ്റയുടെ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച മെറ്റ, വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും വ്യക്തമാക്കി. വീഡിയോ നീക്കിയ സംഭവം സർക്കാർ വളരെ ഗൗരവമായാണ് എടുക്കുന്നത്. ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം ഇതിനകം തന്നെ മെറ്റയുടെയും ഇൻസ്റ്റാഗ്രാമിന്റെയും ആഗോള മേധാവികൾക്ക് സമൻസ് അയച്ചിട്ടുണ്ട്.