‘വാട്ട്‌സ്ആപ്പ് യൂസർനെയിം ഫീച്ചർ തൽക്കാലം ഇന്ത്യയിൽ വേണ്ട’; കേന്ദ്ര സർക്കാർ
ന്യൂഡൽഹി: വാട്ട്‌സ്ആപ്പ് ഉപയോക്ത്ക്കൾക്കായി അവതരിപ്പാനൊരുങ്ങുന്ന പുതിയ യൂസർനെയിം ഫീച്ചർ തൽക്കാലം ഇന്ത്യയിൽ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. വ്യാജ ഐഡന്റിറ്റി ചമഞ്ഞ് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ സാധ്യയുണ്ടാകുമെന്ന് നിരീക്ഷിച്ചാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്. ഫോൺ നമ്പറുകൾ പരസ്യമാക്കാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഈ ഫീച്ചറിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും, വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നത് തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ സർക്കാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഇന്ത്യയിൽ ഈ ഫീച്ചർ ലഭ്യമാക്കരുതെന്നും കർശന നിർദേശമുണ്ട്. വ്യക്തികളുടെയോ ധനകാര്യ സ്ഥാപനങ്ങളുടെയോ സർക്കാർ ഏജൻസികളുടെയോ പേരിനോട് സാദൃശ്യമുള്ള വ്യാജ യൂസർനെയിമുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ആളുകളെ പറ്റിക്കാൻ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയവും ഐടി മന്ത്രാലയവും ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, തട്ടിപ്പുകൾ തടയുന്നതിനായി ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും ഈ ഫീച്ചറിൽ ഒരുക്കിയിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കി. പ്രമുഖ വ്യക്തികൾ, സെലിബ്രിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, വെരിഫൈഡ് മെറ്റാ അക്കൗണ്ടുകൾ എന്നിവരുടെ പേരിലുള്ള പ്രധാനപ്പെട്ട യൂസർനെയിമുകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ കമ്പനി മുൻകൂട്ടി തന്നെ മാറ്റിവെച്ചിട്ടുണ്ടെന്നും, ഇവരുടേതിന് സമാനമായ വ്യാജ പേരുകൾ ഉണ്ടാക്കുന്നത് തടയുമെന്നും കമ്പനി അറിയിച്ചു.
കൂടാതെ, വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ ഇപ്പോഴും ഫോൺ നമ്പർ നിർബന്ധമാണെന്നും യൂസർനെയിം എന്നത് കൂടുതൽ സ്വകാര്യത നൽകാനുള്ള ഒരു അധിക ഫീച്ചർ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഒരാളുടെ കൃത്യമായ യൂസർനെയിം അറിഞ്ഞാൽ മാത്രമേ പുതിയതായി സന്ദേശം അയക്കാൻ സാധിക്കൂ എന്നും, ഒരാൾക്ക് ബന്ധപ്പെടാവുന്ന പുതിയ ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുമെന്നും വാട്‌സ്ആപ്പ് വിശദീകരിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഘട്ടം ഘട്ടമായി ഫീച്ചർ പുറത്തിറക്കാനായിരുന്നു വാട്ട്‌സ്ആപ്പ് പദ്ധതിയിട്ടിരുന്നത്. അജ്ഞാതമായി സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്ന ഫീച്ചറുകൾ സൈബർ തട്ടിപ്പുകൾക്ക് കാരണമാകുന്നുവെന്ന് കാണിച്ച് കേന്ദ്ര സർക്കാർ അടുത്തിടെ ടെലഗ്രാം ആപ്പിനെതിരെയും സമാനമായ രീതിയിൽ കർശന നിലപാട് സ്വീകരിച്ചിരുന്നു.