28/03/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ കാർഷിക, ഗാർഹിക തൊഴിലാളികൾക്ക് പുതിയ ആനുകൂല്യങ്ങൾ; തൊഴിൽ ചട്ടങ്ങളിൽ മാറ്റം

 സൗദിയിൽ കാർഷിക, ഗാർഹിക തൊഴിലാളികൾക്ക് പുതിയ ആനുകൂല്യങ്ങൾ; തൊഴിൽ ചട്ടങ്ങളിൽ മാറ്റം

റിയാദ്: സൗദി അറേബ്യയിലെ കാർഷിക, മൃഗപരിപാലന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിയമാവലിക്ക് മാനവശേഷി മന്ത്രാലയം അംഗീകാരം നൽകി. തോട്ടങ്ങൾ, ഫാമുകൾ, വീടുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ പരിഷ്കാരങ്ങൾ. ഇതുവരെ സാധാരണ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരാതിരുന്ന ഈ വിഭാഗത്തിന് ഇനി മുതൽ കൃത്യമായ അവധിയും ആനുകൂല്യങ്ങളും ലഭിക്കും.

പുതിയ ഉത്തരവ് പ്രകാരം തൊഴിലാളികൾക്ക് വർഷത്തിൽ 30 ദിവസം ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടാകും. ആഴ്ചയിൽ ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും തുടർച്ചയായ വിശ്രമം നൽകണം. ജോലി സമയം ദിവസം എട്ടു മണിക്കൂറായി ക്രമീകരിച്ചു. അഞ്ചു മണിക്കൂർ തുടർച്ചയായി ജോലി ചെയ്താൽ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഇടവേള നൽകണം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതൽ ജോലി ചെയ്താൽ അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക അധികമായി നൽകേണ്ടതാണ്.

തൊഴിലാളികൾക്ക് മാന്യമായ താമസ സൗകര്യം, ഭക്ഷണം അല്ലെങ്കിൽ ഭക്ഷണത്തിനുള്ള അലവൻസ് എന്നിവ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഈദ്, ദേശീയ ദിനം, ഫൗണ്ടിങ് ഡേ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ജോലിക്ക് ചേരാനുള്ള കുറഞ്ഞ പ്രായം 21 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. തൊഴിൽ കരാറിലും വിസയിലും രേഖപ്പെടുത്തിയതല്ലാത്ത ജോലികൾ തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും നിർദേശമുണ്ട്. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി തൊഴിൽ മേഖലയിലെ ചൂഷണം തടയുന്നതിനും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

Also read: