ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ ആ പെണ്‍കുട്ടിയോട് ചെയ്തത് കണ്ട് കടുത്ത അമര്‍ഷം; നിതീഷ് മാപ്പുപറയണം-സൈറ വസീം
പട്‌ന: പൊതുവേദിയില്‍ വനിതാ ഡോക്ടറുടെ മുഖാവരണം (നിഖാബ്) പിടിച്ചുവലിച്ച സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം. എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍, നിതീഷ് നിരുപാധികം മാപ്പ് പറയണമെന്ന് ‘ദംഗല്‍’ താരം സൈറ ആവശ്യപ്പെട്ടു.
”സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും മറ്റുള്ളവര്‍ക്ക് കളിക്കാനുള്ളതല്ല. പ്രത്യേകിച്ചും ഒരു പൊതുവേദിയിലാണ് ഇതു സംഭവിച്ചത്. ആ സ്ത്രീയുടെ നിഖാബ് ഇത്രയും ഉദാസീനമായി, ചിരിച്ചുകൊണ്ട് വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ കടുത്ത അമര്‍ഷം തോന്നി. അധികാരമുണ്ടെന്നു കരുതി, എന്തും കാണിക്കാനുള്ള അനുവാദമല്ല അത്. നിതീഷ് കുമാര്‍ ആ പെണ്‍കുട്ടിയോട് നിരുപാധികം മാപ്പുപറയണം.”-സൈറ ആവശ്യപ്പെട്ടു.
പട്‌നയില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് വനിതാ ഡോക്ടറുടെ മുഖാവരണം നീക്കാന്‍ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത്. തികച്ചും ലാഘവത്തോടെയും ചിരിച്ചുകൊണ്ടും അദ്ദേഹം പെണ്‍കുട്ടിയുടെ ഹിജാബ് പിടിച്ചുവലിക്കുകയായിരുന്നു. സംഭവം വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.