‘ഇനി നീ പാടണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും’; ‘പോറ്റിയെ കേറ്റിയേ’ പാട്ടിന്റെ പേരില്‍ ഭീഷണിയെന്ന് അണിയറ പ്രവര്‍ത്തകര്‍
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമാകുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗായകര്‍ വെളിപ്പെടുത്തി. ഒരു സിപിഎം പ്രവര്‍ത്തകന്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും, ഇനി പാടണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഗായകനായ അബ്ദുല്‍ ഹയ്യ് ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി.
”ഇന്നു രാവിലെ രണ്ടു കോളുകളാണ് എനിക്ക് വന്നത്. ഒന്ന് വിശ്വാസിയായ ഒരു അമ്മ വിൡതാണ്. ശബരിമല കൊള്ളയില്‍ വിശ്വാസികളുടെ ഹൃദയം എത്രത്തോളം വേദനിച്ചുവെന്ന് ആ അമ്മയുടെ വാക്കുകളില്‍നിന്നു മനസിലാകും. മറ്റൊന്ന് എന്നെ വിളിച്ചത് ഒരു സഖാവാണ്. ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ആ കോള്‍ കട്ട് ചെയ്തത്. ഇനി നീ പാടണോ പാടേണ്ടേ എന്നത് തങ്ങള്‍ തീരുമാനിക്കുമെന്ന് പറയുന്ന രീതിയിലേക്ക് വരെ ഭീഷണികളെത്തി.”-അബ്ദുല്‍ ഹയ്യ് വെളിപ്പെടുത്തി.
യഥാര്‍ഥ വിശ്വാസിക്ക് ആ പാട്ടുകൊണ്ട് സന്തോഷമേയുള്ളൂ. പക്ഷേ, ആ പാട്ട് വിരല്‍ചൂണ്ടുന്ന കുറച്ചുപേരുണ്ട്. അവര്‍ക്കാണ് ഇതില്‍ പേടി. അവരുടെ ഹൃദയമാണ് ഇതില്‍ വ്രണപ്പെട്ടത്. ആ ഭയവും ഭീതിയും ഉള്ള കാലത്തോളം ഭീഷണി തുടരും. കേസുമായി വരും. എന്നാല്‍, നിയമത്തിനു വിരുദ്ധമായി ഒന്നും അതിനകത്തില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, ഗാനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി യൂട്യൂബിനും ഫേസ്ബുക്കിനും പോലീസ് നോട്ടീസ് നല്‍കും. ഗാനത്തിന്റെ ഉള്ളടക്കം മതവിദ്വേഷം വളര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നതുമാണെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. പാരഡി ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സി.എം.എസ് മീഡിയയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ സൈബര്‍ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ വിളിപ്പിക്കും.