‘പോറ്റിയെ കേറ്റിയേ’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് നീക്കം ചെയ്യും; യൂട്യൂബിനും ഫേസ്ബുക്കിനും നോട്ടീസ് നല്‍കും
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. ഗാനം മതവിദ്വേഷം വളര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നതുമാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഗാനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പോലീസ് ഉടന്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗാനത്തിന്റെ ഉള്ളടക്കം മതവിദ്വേഷം പടര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണെന്നാണ് സൈബര്‍ ക്രൈം പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാരഡി ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സി.എം.എസ് മീഡിയയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ വിളിപ്പിക്കും സൈബര്‍ കേസുകളില്‍ കേസിന് ആധാരമായ ഉള്ളടക്കം നീക്കം ചെയ്യുന്നത് സ്വാഭാവികമായ ആദ്യ നടപടിയാണെന്ന് പോലീസ് അറിയിച്ചു. പാരഡി ഗാനങ്ങള്‍ക്കെതിരെ ഇത്തരം നടപടി സമീപകാലത്ത് ആദ്യമായാണ് ഉണ്ടാകുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ’ പാരഡി ഗാനത്തിനെതിരെ നേരത്തെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും വിശ്വാസികളെ അവഹേളിക്കുന്നുവെന്നുമാണു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഭക്തിഗാനത്തെ വികൃതമാക്കി അവതരിപ്പിച്ചതിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞു.