28/03/2026
[fontresizer_tawhidurrahmandear_widget]

ലൈംഗികാതിക്രമ പരാതി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

 ലൈംഗികാതിക്രമ പരാതി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍

പി.ടി കുഞ്ഞുമുഹമ്മദ്

തിരുവനന്തപുരം: സംവിധായിക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പ്രശസ്ത സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു.

കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് (IFFK) മലയാളം സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു പി.ടി കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി നഗരത്തിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, തന്നെ ഹോട്ടല്‍ മുറിയില്‍ വെച്ച് അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് യുവ സംവിധായികയുടെ പരാതി.

നവംബര്‍ 27-ന് പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സ്ത്രീകള്‍ക്കെതിരായ കൈയേറ്റം, ലൈംഗിക ലക്ഷ്യത്തോടെയുള്ള ശാരീരിക സ്പര്‍ശനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സ്റ്റേഷനില്‍ ഹാജരായതും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടതും.

അതേസമയം, തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പി.ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്. പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ രഹസ്യമൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Also read: