01/04/2026
[fontresizer_tawhidurrahmandear_widget]

മികച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരെന്ന് ഇന്ത്യാ ടുഡേ ആങ്കർ, വായടപ്പിച്ച മറുപടിയുമായി റഷ്യൻ പ്രസിഡണ്ട്

 മികച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരെന്ന് ഇന്ത്യാ ടുഡേ ആങ്കർ, വായടപ്പിച്ച മറുപടിയുമായി റഷ്യൻ പ്രസിഡണ്ട്

വ്ലാഡിമിർ പുടിനുമായുള്ള ഇന്ത്യാ ടുഡേയുടെ അഭിമുഖത്തിനിടെ അവതാരകയ്ക്ക് റഷ്യൻ പ്രസിഡണ്ടിൽ നിന്ന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത മറുപടി. ഇന്ത്യാ ടുഡേ എക്സിക്യൂട്ടീവ് എഡിറ്റർ ഗീത മോഹൻ ചോദിച്ച ചോദ്യത്തെ “മാന്യതയില്ലാത്തത്” എന്ന് വിശേഷിപ്പിച്ച് പുടിൻ തള്ളിക്കളയുകയായിരുന്നു. ഇന്ത്യയിലെ മാധ്യമപ്രവർത്തനം ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നതാണ് ഈ സംഭവമെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ പറയുന്നു.

ദ്വിദിന സന്ദർശനത്തിനായി പുടിൻ ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പ് റഷ്യയിൽ വെച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ അവസരമൊരുക്കുന്ന തരത്തിൽ, ലോകനേതാക്കളെ താരതമ്യം ചെയ്തുകൊണ്ടുള്ള ചോദ്യമാണ് ഗീത മോഹൻ ഉന്നയിച്ചത്. എന്നാൽ ഈ ചോദ്യം പ്രസിഡന്റ് പുടിനെ ചൊടിപ്പിച്ചു.

ഇതൊരു “മാന്യതയില്ലാത്തതും ലജ്ജാകരവുമായ” (indecent and embarrassing) ചോദ്യമാണെന്ന് പുടിൻ തുറന്നടിച്ചു. സഹപ്രവർത്തകരായ മറ്റ് ലോകനേതാക്കളെക്കുറിച്ച് വ്യക്തിപരമായ ഇത്തരം വിലയിരുത്തലുകൾ നടത്തുന്നത് തന്റെ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഒരു നേതാവിനെ വിലയിരുത്തേണ്ടത് ആ രാജ്യത്തെ വോട്ടർമാരായ പൗരന്മാരാണ്, ഞാനല്ല,” എന്നായിരുന്നു പുടിന്റെ മറുപടി.

മാധ്യമപ്രവർത്തകയുടെ ചോദ്യം ഒരു പ്രത്യേക ഉത്തരം പ്രതീക്ഷിച്ചുകൊണ്ടുള്ളതായിരുന്നുവെന്നും എന്നാൽ പുടിൻ ആ കെണിയിൽ വീഴാതെ നയപരമായ മറുപടി നൽകി അവരെ തിരുത്തുകയാണുണ്ടായതെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നുണ്ട്.

അതേസമയം, ചോദ്യത്തെ നിശിതമായി വിമർശിച്ചെങ്കിലും അഭിമുഖത്തിന്റെ മറ്റു ഭാഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുടിൻ പ്രശംസിച്ചു. മോദി സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത, വിശ്വസ്തനായ നേതാവാണെന്നും ഇന്ത്യയുടെ വളർച്ച അത്ഭുതകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read: