ഇന്ത്യ സൂപ്പര്‍ പവര്‍ ആയിട്ടില്ല; സ്വയംപുകഴ്ത്തും മുന്‍പ് യാഥാര്‍ഥ്യം മനസ്സിലാക്കണം-രഘുറാം രാജന്‍
ന്യൂഡല്‍ഹി: ഇന്ത്യയെ ഒരു സാമ്പത്തിക വന്‍ശക്തിയായി (super power) വിശേഷിപ്പിക്കാന്‍ സമയമായിട്ടില്ലെന്നും, അത്തരം അവകാശവാദങ്ങള്‍ തികച്ചും അപക്വമാണെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യ ശരിയായ ദിശയില്‍ സഞ്ചരിച്ചാല്‍ മാത്രമേ ആ പദവിയിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ വളര്‍ന്നെങ്കിലും, പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യം ഇപ്പോഴും പിന്നിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഇന്ത്യ ഒരു ‘ലോവര്‍ മിഡില്‍ ഇന്‍കം'(താഴ്ന്ന ഇടത്തരം വരുമാനം) രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. ആഗോള ശ്രദ്ധ കിട്ടാന്‍ ജിഡിപി വളര്‍ച്ചയിലെ വലിയ സംഖ്യ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ സമ്പദ്സ്ഥിതിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുത്. മാനവവിഭവശേഷി വളര്‍ത്തുക, ഈസ് ഓഫ് ഡൂയിങ് ഉറപ്പാക്കുക, നിലവാരമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുക, സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക എന്നിവ അനിവാര്യമാണ്. സ്വയംപുകഴ്ത്തും മുന്‍പ് യാഥാര്‍ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി:
അടിസ്ഥാന സൗകര്യങ്ങള്‍: വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.
യുവജനങ്ങളുടെ തൊഴില്‍: യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യത്തെ തൊഴില്‍ സേനയ്ക്ക് മതിയായ നൈപുണ്യ വികസനം ആവശ്യമാണ്.
അസമത്വം: സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമ്പോഴും പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നത് ഗൗരവകരമാണ്.
2047-ഓടെ ഇന്ത്യയെ വികസിത രാജ്യമായി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ ശക്തമായ സാമ്പത്തിക വളര്‍ച്ച സ്ഥിരമായി നിലനിര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മള്‍ ഇതിനോടകം വന്‍ശക്തിയായി കഴിഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ വീണ് അമിത ആത്മവിശ്വാസം കാണിക്കുന്നത് അപകടകരമാണെന്നും, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കഠിനാധ്വാനമാണ് ആവശ്യമെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.