13/06/2026
[fontresizer_tawhidurrahmandear_widget]

‘ബിഹാർ വോട്ടെടുപ്പിൽ പോളിങ് ബൂത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ മഹാരാഷ്ട്രയിലേക്ക് കൈ‌മാറി’; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിചിത്ര നടപടിക്കെതിരെ ആർടിഐ പ്രവർത്തകൻ

 ‘ബിഹാർ വോട്ടെടുപ്പിൽ പോളിങ് ബൂത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ മഹാരാഷ്ട്രയിലേക്ക് കൈ‌മാറി’; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിചിത്ര നടപടിക്കെതിരെ ആർടിഐ പ്രവർത്തകൻ

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി ആരോപണം. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയും വിവരാവകാശ പ്രവര്‍ത്തകനുമായ അജയ് ബസുദേവ് ബോസ് നല്‍കിയ അപേക്ഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്രനടപടി. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും തെരഞ്ഞെടുപ്പ് സുതാര്യതയിലെ വീഴ്ചയാണെന്നും ആരോപിച്ച് അജയ് ബസുദേവ് രംഗത്തെത്തി.

2025 നവംബര്‍ 17-നാണ് അജയ് ബസുദേവ് ബോസ് വിവരാവകാശ നിയമപ്രകാരം (RTI) അപേക്ഷ സമര്‍പ്പിച്ചത്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലായി നവംബര്‍ 6, 11 തീയതികളില്‍ നടന്ന വോട്ടെടുപ്പിന്റെ സമ്പൂര്‍ണ സിസിടിവി ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലോ സിഡിയിലോ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം വന്‍ ഭൂരിപക്ഷത്തിന് ഭരണം നിലനിര്‍ത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.

എന്നാല്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശില്‍പി ശ്രീവാസ്തവ, വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 6(3) പ്രകാരം ഈ അപേക്ഷ നവംബര്‍ 27-ന് മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് (CEO) കൈമാറുകയായിരുന്നു. അപേക്ഷകന് വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ ബിഹാര്‍ ഇലക്ഷന്‍ ഓഫീസര്‍ക്ക് അപേക്ഷ കൈമാറുകയോ ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി അജയ് ബസുദേവ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി. ‘ബിഹാര്‍ തെരഞ്ഞെടുപ്പിലെ 243 മണ്ഡലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മീഷന്‍ അത് മഹാരാഷ്ട്ര സി.ഇ.ഒയ്ക്കാണ് കൈമാറിയത്. ബിഹാര്‍ തെരഞ്ഞെടുപ്പും മഹാരാഷ്ട്രയുമായി എന്ത് ബന്ധമാണുള്ളത്?’- രാഷ്ട്രപതി, പ്രധാനമന്ത്രി, ബിഹാര്‍ മുഖ്യമന്ത്രി തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ചോദിച്ചു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥയാണ് ഇതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, അപേക്ഷകന്‍ മഹാരാഷ്ട്ര സ്വദേശിയായതിനാലാണ് നടപടിക്രമങ്ങളുടെ ഭാഗമായി അപേക്ഷ അങ്ങോട്ട് മാറ്റിയതെന്ന് മറുവിഭാഗം വാദിക്കുന്നു. വോട്ടര്‍മാരുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ 243 മണ്ഡലങ്ങളിലെയും ദൃശ്യങ്ങള്‍ ഒരാള്‍ക്ക് മാത്രമായി നല്‍കുന്നത് വിവരാവകാശ നിയമത്തിന്റെ ദുരുപയോഗമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

Also read: