അനിഷേധ്യൻ അമരക്കാരൻ; സാദിഖലി തങ്ങളുടെ നേതൃപാടവം കണ്ട തെരഞ്ഞെടുപ്പ്
മലപ്പുറം: 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ തെളിയുന്നത് ഒരേയൊരു ചിത്രമാണ്- പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിമർശകരുടെ കൂരമ്പുകൾക്കിടയിലും പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നയിച്ച ‘അനിഷേധ്യനായ അമരക്കാരനായി’ തങ്ങൾ മിന്നിത്തിളങ്ങുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സാദിഖലി തങ്ങൾ നേരിട്ട ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ സമുദായ നേതൃപദവിയിൽ, ചോദ്യം ചെയ്യാനാകാത്ത അമരക്കാരൻ എന്ന് ജനസമൂഹം അരക്കിട്ടുറപ്പിച്ച ജനവിധി കൂടിയായി ഇത്.
വിമർശനങ്ങളെ അതിജീവിച്ച ‘തങ്ങൾ മാജിക്’
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില സുന്നി വിഭാഗങ്ങളിൽ നിന്നും വ്യക്തിപരമായും നേതൃപരമായും സാദിഖലി തങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ‘സോഷ്യൽ എൻജിനീയറിങ്’ എന്ന പേരിട്ട്, കഴിഞ്ഞ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ക്രിസ്ത്യൻ സമൂഹത്തിൽ നടത്തിയ സിപിഎമ്മിൻ്റെ വിഭജന കുതന്ത്രങ്ങങ്ങളുടെ മുസ്‌ലിം വേർഷൻ ആയിരുന്നു ഇത്തവണ കണ്ടത്. സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കി, ലീഗിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാൻ ആകുമെന്നും, തങ്ങളുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടുമെന്നും രാഷ്ട്രീയ എതിരാളികൾ കണക്കുകൂട്ടി. അതിന് സമുദായത്തിനകത്ത് നിന്ന് തന്നെ ചില ചാവേറുകളുടെ സഹായവും സിപിഎമ്മിന് കൈയഴഞ്ഞു ലഭിച്ചു.
എന്നാൽ, സ്വതസിദ്ധമായ സൗമ്യഭാവത്തിലും ക്ഷമയോടെയും പക്വതയോടെയുമാണ് ഈ വെല്ലുവിളികളെ തങ്ങൾ നേരിട്ടത്. പ്രകോപനപരമായ മറുപടികൾക്ക് നിൽക്കാതെ, സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ആ തന്ത്രം ഫലം കണ്ടുവെന്ന് വമ്പൻ വിജയം തെളിയിക്കുന്നു.
ഐക്യത്തിന്റെ കാവലാൾ
അണികൾക്കിടയിൽ ചെറിയൊരു ആശയക്കുഴപ്പം പോലും ഉണ്ടാകാതിരിക്കാൻ സാദിഖലി തങ്ങൾ ജാഗ്രത പുലർത്തി. മുൻഗാമികളായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും പാത പിന്തുടർന്ന്, യു.ഡി.എഫിലെ ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. 12 വർഷത്തോളം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച അനുഭവസമ്പത്ത് സംസ്ഥാന നായകനായപ്പോൾ അദ്ദേഹത്തിന് തുണയായി.
പുതിയ കാലത്തെ നായകൻ
പ്രതിസന്ധികൾ വരുമ്പോൾ പതറാതെ, പാർട്ടിയെ ഒരുമിച്ച് നിർത്തി വിജയതീരത്തെത്തിക്കാൻ സാധിക്കുമെന്ന് ഈ തെരഞ്ഞെടുപ്പോടെ അദ്ദേഹം തെളിയിച്ചു. ലീഗിന്റെ സംഘടനാ സംവിധാനത്തിന് മേൽ സാദിഖലി തങ്ങൾക്കുള്ള അനിഷേധ്യമായ സ്വാധീനമാണ് ഈ വിജയം വിളംബരം ചെയ്യുന്നത്. വിമർശനങ്ങൾക്കുള്ള മറുപടി വാക്കുകളിലല്ല, വിജയത്തിലാണ് എന്ന് തെളിയിച്ച തെളിയിച്ചിരിക്കുകയാണ് സാദിഖലി ശിഹാബ് തങ്ങൾ. ഈ ആത്മവിശ്വാസത്തിൽ കൂടിയാകും വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ലീഗും യുഡിഎഫ് സംവിധാനവും ഗോദയിൽ ഇറങ്ങാൻ പോകുന്നതും.