26/01/2026

ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഗില്‍ പുറത്ത്

 ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍, ഗില്‍ പുറത്ത്

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടീമിലെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പുറമെ ടീമില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി.

സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി അക്‌സര്‍ പട്ടേലിനെ നിയമിച്ചു. സഞ്ജുവിനൊപ്പം ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ഇഷാന് തുണയായത്. ജിതേഷ് ശര്‍മയെ ടീമില്‍നിന്ന് ഒഴിവാക്കി.

സഞ്ജുവിന് വലിയ അംഗീകാരം സഞ്ജു സാംസണെ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിച്ചത് മലയാളി ആരാധകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്. ഇന്നലെ ഗില്ലിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നിര്‍ണായക മത്സരത്തില്‍ ഓപ്പണറുടെ റോളിലെത്തി സഞ്ജു നടത്തിയ മികച്ച പ്രകടനവും സെലക്ടര്‍മാരുടെ തീരുമാനത്തെ സ്വാധീനിച്ചു. ‘സഞ്ജു ഓപണര്‍ റോളില്‍ തിളങ്ങുന്നത് നമ്മള്‍ കണ്ടതാണ്, അത് ടീമിന്റെ ചിന്താഗതി വ്യക്തമാക്കുന്നു’ എന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്.

2026 ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇതേ ടീം തന്നെയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക. ലോകകപ്പില്‍ ഗ്രൂപ്പ് എ-യില്‍ നമീബിയ, നെതര്‍ലന്‍ഡ്സ്, പാകിസ്ഥാന്‍, യുഎസ്എ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്.

Also read: