10/06/2026
[fontresizer_tawhidurrahmandear_widget]

തീരമില്ലാത്ത കടൽ, ഒഴുകിനടക്കുന്ന കാട്! അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിസ്മയമായി ‘സർഗാസോ’

 തീരമില്ലാത്ത കടൽ, ഒഴുകിനടക്കുന്ന കാട്! അറ്റ്‌ലാന്റിക് സമുദ്രത്തിലെ വിസ്മയമായി ‘സർഗാസോ’

തീരമില്ലാത്ത കടൽ എന്ന് കേൾക്കുമ്പോൾ സിനിമാക്കഥയോ നോവലിലെ ഭാവനയോ ആണെന്ന് കരുതേണ്ട. ഭൂമിയിൽ അങ്ങനെയൊരു കടലുണ്ട്; അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘സർഗാസോ സീ’ (Sargasso Sea). ലോകത്തിലെ ഒരേയൊരു ‘തീരമില്ലാത്ത കടൽ’ എന്ന വിശേഷണം ഇതിന് സ്വന്തമാണ്.

കരയല്ല, മറിച്ച് ശക്തമായ സമുദ്ര പ്രവാഹങ്ങളാണ് (Ocean Currents) ഈ കടലിന്റെ അതിർത്തി നിശ്ചയിക്കുന്നത്. വടക്കൻ അറ്റ്‌ലാന്റിക് സബ് ട്രോപ്പിക്കൽ ഗൈർ (North Atlantic Subtropical Gyre) എന്നറിയപ്പെടുന്ന ചുഴലികളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം ശാന്തമായ ഉപരിതലവും അപൂർവ്വമായ ആവാസവ്യവസ്ഥയും കൊണ്ട് ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു. ഫ്ലോറിഡയിൽ നിന്ന് 590 മൈൽ അകലെയാണ് ഇതിന്റെ സ്ഥാനം.

പ്രകൃതിയുടെ ‘ഒഴുകിനടക്കുന്ന വനം’ കടലിന്റെ ഉപരിതലത്തിൽ സ്വർണ്ണനിറത്തിൽ പൊങ്ങിക്കിടക്കുന്ന ‘സർഗാസം’ (Sargassum) എന്ന കടൽപ്പായാണ് ഈ കടലിന് ഈ പേര് നൽകിയത്. ‘പ്രകൃതിയുടെ ഒഴുകിനടക്കുന്ന വനം’ എന്നാണ് ഇത് അറിയപ്പെടുന്നത്. ചെമ്മീൻ, ഞണ്ടുകൾ, മറ്റ് ചെറു മത്സ്യങ്ങൾ എന്നിവയുടെ പ്രധാന അത്താണിയാണിത്.

ഈലുകളുടെ ജന്മഗേഹം യൂറോപ്യൻ, അമേരിക്കൻ ഈലുകളുടെ (Eels) ജീവിതചക്രത്തിൽ സർഗാസോ കടലിന് നിർണ്ണായക സ്ഥാനമുണ്ട്. മുട്ടയിടാനും പ്രത്യുൽപാദനത്തിനുമായി ആയിരക്കണക്കിന് മൈലുകൾ താണ്ടി ഈലുകൾ കൃത്യമായി ഇവിടെ തിരിച്ചെത്തുന്നു എന്നത് പ്രകൃതിയിലെ വലിയൊരു അത്ഭുതമാണ്.

ഭൂമിയുടെ രക്ഷകൻ, പക്ഷേ… ആഗോള കാലാവസ്ഥാ നിയന്ത്രണത്തിൽ വലിയൊരു പങ്ക് ഈ കടൽ വഹിക്കുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വന്തോതിൽ ആഗിരണം ചെയ്യുന്ന ഒരു ‘കാർബൺ സിങ്ക്’ (Carbon Sink) ആയി സർഗാസോ കടൽ പ്രവർത്തിക്കുന്നു.

എന്നാൽ, മനുഷ്യന്റെ അശ്രദ്ധ ഈ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാവുകയാണ്. സമുദ്ര പ്രവാഹങ്ങൾ കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ വന്തോതിൽ അടിഞ്ഞുകൂടുന്നു. കൂടാതെ, 1980-കൾക്ക് ശേഷം ഇവിടുത്തെ താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവുണ്ടായി. ഇത് കടലിലെ സന്തുലിതാവസ്ഥയെ തകർക്കുകയാണ്. ഈ അപൂർവ്വ കടലിനെ സംരക്ഷിക്കാൻ 2014-ൽ ‘സർഗാസോ സീ കമ്മീഷൻ’ രൂപീകരിച്ചിട്ടുണ്ടെങ്കിലും, മനുഷ്യന്റെ ഇടപെടലുകൾ ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുന്നു.

Also read: