യമന്‍ തുറമുഖത്ത് ആയുധക്കപ്പലിന് നേരെ സൗദിയുടെ വ്യോമാക്രമണം; അതിര്‍ത്തിയിലെ സൈനിക നടപടികളില്‍ മുന്നറിയിപ്പ്
യമനിലെ മുകല്ല തുറമുഖത്ത് നടന്ന ആക്രമണം
റിയാദ്/ഏദന്‍: യമനിലെ മുകല്ല തുറമുഖത്ത് അനുമതിയില്ലാതെ ആയുധങ്ങളുമായി എത്തിയ കപ്പലിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. യുഎഇയില്‍നിന്ന് എത്തിയ ആയുധശേഖരമാണ് ഇന്നു പുലര്‍ച്ചെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ബോംബിട്ട് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് യമനില്‍ നിന്ന് യുഎഇ സൈന്യം 24 മണിക്കൂറിനകം പിന്‍വാങ്ങണമെന്ന് യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍(പിഎല്‍സി) ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട രണ്ട് കപ്പലുകള്‍, സൗദി സഖ്യസേനയുടെ അനുമതിയില്ലാതെ മുകല്ല തുറമുഖത്ത് നങ്കൂരമിട്ടതാണ് പ്രകോപനമെന്നാണു വിവരം. യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന് (എസ്ടിസി) നല്‍കാനുള്ള ആയുധങ്ങളും സൈനിക വാഹനങ്ങളുമാണ് ഇതിലുണ്ടായിരുന്നതെന്നാണ് സൗദി ചൂണ്ടിക്കാട്ടുന്നത്. ട്രാക്കിങ് സംവിധാനങ്ങള്‍ ഓഫ് ചെയ്തായിരുന്നു കപ്പലുകളുടെ സഞ്ചാരം. ആയുധങ്ങള്‍ ഇറക്കിയതിന് പിന്നാലെയാണ് സൗദി സഖ്യസേനയുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ആളപായമില്ലെന്നും തുറമുഖത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും സഖ്യസേന അറിയിച്ചു.
യമനില്‍ നടക്കുന്ന നീക്കങ്ങള്‍ ‘അത്യന്തം അപകടകരം’ ആണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹദര്‍മൗത്ത്, മഹാറാ തുടങ്ങിയ അതിര്‍ത്തി പ്രവിശ്യകളില്‍ നടക്കുന്ന സൈനിക നടപടികളില്‍ ആശങ്ക അറിയിച്ചു. എന്നാല്‍, ആക്രമണങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും സൗദി സഹോദരരാജ്യമാണെന്നും യുഎഇ പ്രതികരിച്ചിട്ടുണ്ട്.
യമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ തലവന്‍ റഷാദ് അല്‍-അലിമി, യുഎഇയുമായുള്ള എല്ലാ സൈനിക കരാറുകളും റദ്ദാക്കിയതായി പ്രഖ്യാപിച്ചു. 90 ദിവസത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം, 72 മണിക്കൂറത്തേക്ക് അതിര്‍ത്തികള്‍ അടച്ചിടാനും ഉത്തരവിട്ടു.